തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ; മൂന്ന് പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂർ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. നാട്ടികയിൽ എൽഡിഎഫ് സിറ്റിങ് സീറ്റിൽ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകൾക്കാണ് വിജയിച്ചത്. നാട്ടിക പഞ്ചായത്തിലെ 9-ാം വാർഡിലെ എൽഡിഎഫ് മെമ്പർ ഷൺമുഖൻ മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ എൽഡിഎഫ്-6, യുഡിഎഫ്-5, ബിജെപി-3എന്നിങ്ങനെയായിരുന്നു. 9-ാം വാർഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി ഉയർന്നു. തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ വാർഡ് കോൺഗ്രസും, കൊടുങ്ങല്ലൂർ നഗരസഭ വാർഡ് ബിജെപിയും നിലനിർത്തി. പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകൾക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫിന്റെ സിന്ധു കോയിപ്രം 92 വോട്ടുകൾക്കാണ് വിജയിച്ചത്.തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാൻകോട് വാർഡ് ബിജെപി നിലനിർത്തി. 130 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാർഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ അലി തേക്കത്ത് ( മുസ്ലിം ലീഗ്) 28 വോട്ടുകൾക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാകും. പത്തനംതിട്ട അരുവാപ്പുലംപഞ്ചായത്തിലെ പുളിഞ്ചാണി വാർഡ് എൽഡിഎഫ് നിലനിർത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡ് യുഡിഎഫ് നിലനിർത്തി. ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് 12-ാം വാർഡ് സിപിഎമ്മിന്റെ പക്കൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ദീപക് 99 വോട്ടുകൾക്കാണ് വിജയിച്ചത്. പത്തനംതിട്ട എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴി വാർഡിൽ ബിജെപി വിജയിച്ചു. സിറ്റിങ് സീറ്റിൽ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 216 വോട്ടിനാണ് ഇടതു സ്ഥാനാർത്ഥി വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷൻ സിപിഎമ്മിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വർഷമായി സിപിഎം തുടർച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18-ാം വാർഡ് കോൺഗ്രസിൽ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു.