തോൽവി അംഗീകരിക്കുന്നു, കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് അടക്കം പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാൽ കപ്പലിങ്ങനെ ദ്വാരം പിടിച്ച് മുങ്ങുന്നുവെന്ന് പ്രചരിച്ചവരോട് ഈ കപ്പൽ അങ്ങനെ മുങ്ങുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്കെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ മുന്നണിക്കുണ്ട്, മുന്നണിയുടെ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.മധ്യകേരളത്തിലും മലപ്പുറത്തും ഉണ്ടായ പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം ഞങ്ങൾക്ക് എതിരായെന്ന് പറയാനാകില്ല. മലപ്പുറത്തെ വോട്ട് പരിശോധിക്കുമ്പോൾ പത്ത് ലക്ഷം വോട്ട് ഞങ്ങൾക്കുണ്ട്. എൽഡിഎഫിന് എല്ലാ സാമുദായിക മതവിഭാഗങ്ങൾക്കിടയിലും നല്ല വോട്ട് നേടാനായെന്നാണ് കരുതുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-യുഡിഎഫ് ധാരണയുണ്ടായി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരസ്യമായും രഹസ്യമായും ചില നീക്കങ്ങൾ നടത്തിയാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്. ചെറിയ വോട്ടിനാണ് ആറ് സീറ്റ് എൽഡിഎഫിന് നഷ്ടമായത്. ഇതെല്ലാം ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കും. മധ്യകേരളത്തിന്റെ ചില ഭാഗത്തും മലപ്പുറത്തും നല്ല തിരിച്ചടിയുണ്ടായി. അതെല്ലാം ഗൗരവത്തോടെ പരിശോധിച്ച് തിരുത്തൽ വരുത്തി മുന്നോട്ടു പോകും. ജില്ലാ കമ്മിറ്റികൾ തോൽവി പരിശോധിക്കും. പഞ്ചായത്ത് തല പരിശോധന നടത്തും ശേഷം തിരുത്തൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.വർഗീയ ശക്തികളായ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉൾപ്പടെയുള്ളവർ കമ്യൂണിസ്റ്റ് വിരുദ്ധ ആശയം രൂപപ്പെടുത്തി. ലീഗിനും കോൺഗ്രസിനും വേണ്ടി അത് ഉപയോഗിച്ചു. ബിജെപി അതിന്റെ സ്വാധീനം വലിയ രീതിയിൽ വ്യാപിപ്പിച്ചിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ വിജയം നോക്കി മാത്രം കേരളത്തിൽ ബിജെപി മുന്നേറ്റം തീർത്തുവെന്ന് പറയാനാകില്ല. പന്തളം, കൊടുങ്ങല്ലൂർ ഉൾപ്പെടയുള്ള ക്ഷേത്ര നഗരങ്ങളിൽ പോലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. തോൽവി തങ്ങൾ അംഗീകരിക്കുകയാണ് എന്നാൽ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



