ധര്‍മസ്ഥല കേസ്: മുന്‍ ശുചീകരണ തൊഴിലാളിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ പത്ത് വകുപ്പുകള്‍ കൂടി ചുമത്തി

ബെംഗളൂരു: ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സി എന്‍ ചിന്നയ്യയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. ഭാരതീയ ന്യായ സംഹിത പ്രകാരം കളളസാക്ഷ്യം പറയല്‍, വ്യാജ രേഖ ചമയ്ക്കല്‍, തെളിവുകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ പത്ത് കുറ്റങ്ങളാണ് ചുമത്തിയത്. ചിന്നയ്യ പറഞ്ഞയിടങ്ങളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികളെയും ധര്‍മസ്ഥലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയും അസ്വാഭാവിക മരണ റിപ്പോര്‍ട്ടുകളെക്കുറിച്ചുമുളള അന്വേഷണം പുരോഗമിക്കുകയാണ്. ചിന്നയ്യ ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച തലയോട്ടിയുമായി ബന്ധപ്പെട്ടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നതെന്നും നേരത്തെയുളള കേസിലെ എഫ്ഐആറില്‍ അവ ചേര്‍ത്തിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.സി എൻ ചിന്നയ്യയെ സഹായിച്ച രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എസ്ഐടി റെയ്ഡ് നടത്തിയിരുന്നു. മഹേഷ് ഷെട്ടി തിമറോടിയുടെ ഉജിരെയിലുളള വീട്ടിലാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. കഴിഞ്ഞ രണ്ടുമാസം ചിന്നയ്യയ്ക്ക് മഹേഷ് ഷെട്ടി തിമറോടിയാണ് സ്വന്തം വീട്ടില്‍ അഭയം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ തിമറോടി നിലവില്‍ ജാമ്യത്തിലാണ്.ഓഗസ്റ്റ് 23-നാണ് സി എൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇയാളുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ധർമസ്ഥലയിലെ നിലവിലെ ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ക്ഷേത്രനഗരം നേരിടുന്നതെന്നും അത് ഭക്തര്‍ക്കും പ്രദേശവാസികള്‍ക്കും വലിയതോതില്‍ ദുഖമുണ്ടാക്കിയെന്നും വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. സത്യം ജയിക്കുമെന്നും നീതി നടപ്പിലാകുമെന്നും ഹെഗ്ഡെ പറഞ്ഞുധര്മസ്ഥലയില് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു സിഎൻ ചിന്നയ്യയുടെ വെളിപ്പെടുത്തൽ. അവസാനം കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു അദ്ദേഹം പരാതി നൽകിയത്. ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുളള തെളിവുകള്‍ വ്യാജമാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൊഴി അനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളില്‍ നിന്ന് മാത്രമാണ് അസ്ഥികള്‍ ലഭിച്ചത്.



