പണിമുടക്കി മൈക്രോസോഫ്റ്റ്; പ്രശ്‌നം പരിഹരിക്കാന്‍ നടപ്പാക്കിയ മാറ്റങ്ങള്‍ ഫലം കണ്ടില്ലെന്ന് കമ്പനി

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് 365 ആപ്ലിക്കേഷനുകളെ ബാധിച്ച വന്‍ ആഗോള തകരാറിനെ തുടര്‍ന്ന് ഇമെയില്‍ (Outlook/Exchange Online), ടീംസ് (Teams), എഐ അസിസ്റ്റന്റ് കൊപൈലറ്റ് (Copilot) തുടങ്ങിയ പ്രധാന ക്ലൗഡ് സേവനങ്ങള്‍ തടസ്സപ്പെട്ടു..തകരാര്‍ ഏറ്റവും രൂക്ഷമായ സമയത്ത് ആഗോളതലത്തില്‍ ഏകദേശം 1,30,000 ഉപയോക്താക്കള്‍ സേവന തടസ്സം നേരിട്ടതായി വെബ്സൈറ്റ് പെര്‍ഫോമന്‍സ് നിരീക്ഷണ പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് ഇന്‍ബോക്‌സ് ലോഡ് ചെയ്യാനും ഇമെയിലുകള്‍ അയക്കാനും സ്വീകരിക്കാനും ടീംസ്, കൊപൈലറ്റ് അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിച്ചില്ല.ഓട്ടോമേറ്റഡ് ഹെല്‍ത്ത് ചെക്കുകളില്‍ (Automated Health Checks) പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചില സെര്‍വറുകള്‍ അപ്രതീക്ഷിതമായി ലഭ്യമാകാതെ പോയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതോടെ ശേഷിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് കൂടുതല്‍ ട്രാഫിക് മാറ്റപ്പെടുകയും സിസ്റ്റത്തില്‍ അമിത ഭാരം (Elevated Load) അനുഭവപ്പെടുകയും ചെയ്തു. മൊത്തത്തിലുള്ള ട്രാഫിക്കിലെ വര്‍ധനവല്ല, മറിച്ച് ലഭ്യമായ സെര്‍വറുകളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്നും കമ്പനി വ്യക്തമാക്കി.സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപ്പിലാക്കിയ മാറ്റങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഫലം കാണുന്നില്ലെന്ന് കമ്പനി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. നിലവിലെ ട്രാഫിക് മാനേജ്മെന്റ് അസന്തുലിതാവസ്ഥ പരിഹരിക്കാനും കപ്പാസിറ്റി വര്‍ധിപ്പിക്കാനുമായി മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിവരികയാണ്. മൈക്രോസോഫ്റ്റ് 365 അഡ്മിന്‍ സെന്ററിലെ EX1550543, MO1550821 എന്നീ ട്രാക്കിങ് കോഡുകള്‍ വഴിയും, അഡ്മിന്‍ സെന്റര്‍ ലഭ്യമല്ലെങ്കില്‍ status.cloud.microosft അല്ലെങ്കില്‍ msft.it/6013xBHsf എന്നീ വെബ്സൈറ്റുകള്‍ വഴിയും തത്സമയ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.ഈ ആഗോള തകരാര്‍ വിവിധ മേഖലകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വാണിജ്യ മേഖലയെയും ബാധിച്ചു. തകരാര്‍ കാരണം ഇമെയിലുകള്‍ ലഭിക്കാത്തതിനാല്‍ അടിയന്തര ഉപരോധ അന്വേഷണങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ സാങ്ഷന്‍സ് ഓഫീസുമായി ഫോണ്‍ വഴി ബന്ധപ്പെടാനാണ് ഓസ്ട്രേലിയന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ട്രേഡ് (DFAT) ആവശ്യപ്പെട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ് D365 മെസ്സേജിങ് തടസ്സപ്പെട്ടതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇമെയിലുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്‍ഡ് ഫോറസ്ട്രി (DAFF) അറിയിച്ചു.



