പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍ക് ടള്ളി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍ക് ടള്ളി(90) അന്തരിച്ചു. ഞായറാഴ്ച്ച ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യയെക്കുറിച്ച് നിരന്തരം എഴുതിയ പത്രപ്രവര്‍ത്തകനായിരുന്നു മാര്‍ക് ടള്ളി.കാലങ്ങളായി അസുഖബാധിതനായിരുന്ന മാര്‍ക് ടള്ളിയെ കഴിഞ്ഞയാഴ്ച്ച സകേതിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മാര്‍ക് ടള്ളി അന്തരിച്ചത്. മാര്‍ക് ടള്ളിയുടെ അടുത്ത സുഹൃത്തും പത്രപ്രവര്‍ത്തകനുമായ സതീഷ് ജേക്കബാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.1935 ഒക്ടോബര്‍ 24ന് കൊല്‍ക്കത്തയിലായിരുന്നു മാര്‍ക് ടള്ളിയുടെ ജനനം. 22 വര്‍ഷക്കാലത്തോളം ബിബിസിയുടെ ന്യൂഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു. ബിബിസി റേഡിയോ 4-ലെ ‘സംതിങ് അണ്ടര്‍സ്റ്റുഡ്’ എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു അദ്ദേഹം. 2002-ല്‍ അദ്ദേഹത്തിന് നൈറ്റ് പദവി ലഭിച്ചു. 2005-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പത്മഭൂഷന്‍ നല്കി ആദരിച്ചു. ‘നോ ഫുള്‍ സ്റ്റോപ്സ് ഇന്ത്യ’, ‘ഇന്ത്യ ഇന്‍ സ്ലോമോഷന്‍’ തുടങ്ങി നിരവധി പുസ്തകങ്ങളും ടള്ളി രചിച്ചിട്ടുണ്ട്.



