dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരം:അനിൽകുമാറിൻ്റെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

കൊച്ചി : കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേയില്ല. കെഎസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ഡോ. കെഎസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍വകലാശാലയോടും കേരള പൊലീസിനോടും വിശദീകരണം തേടി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ സര്‍വകലാശാലയും സെനറ്റ് ഹാളിന് പുറത്തെ ക്രമസമാധാന പ്രശ്‌നത്തില്‍ പൊലീസും വിശദമായ സത്യവാങ്മൂലം നല്‍കണം. വൈസ് ചാന്‍സലര്‍ക്കും സര്‍വകലാശാലയ്ക്കും രണ്ട് നിലപാടെന്നും ഇതൊരു സസ്‌പെന്‍ഷന്‍ മാത്രമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഡോ. കെഎസ് അനില്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.രജിസ്ട്രാറുടെ നടപടി ഗവര്‍ണ്ണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇങ്ങനെയല്ല രജിസ്ട്രാര്‍ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. എന്ത് ക്രമസമാധാന പ്രശ്‌നമാണ് സെനറ്റ് ഹാളിന് പുറത്ത് ഉണ്ടായിരുന്നത് എന്ന് പൊലീസ് വിശദീകരിക്കണം. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ശേഷി പൊലീസിന് ആ ഘട്ടത്തില്‍ ഉണ്ടായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഗവര്‍ണ്ണര്‍ പങ്കെടുക്കേണ്ട പരിപാടിയല്ലേയെന്ന് ഹൈക്കോടതി അഭിഭാഷകനോട് ആരാഞ്ഞു. പരിപാടിയില്‍ ഉപയോഗിച്ചത് മതചിഹ്നമാണ് എന്ന് സെക്യൂരിറ്റി ഓഫീസര്‍ രണ്ട് വരിയില്‍ എഴുതി അറിയിച്ചോയെന്നും ഹൈക്കോടതി രജിസ്ട്രാറുടെ അഭിഭാഷകനോട് ചോദിച്ചു.സെനറ്റ് ഹാളില്‍ പ്രദര്‍ശിപ്പിച്ച പ്രകോപനപരമായ മതചിഹ്നം ഏതെന്നായിരുന്നു രജിസ്ട്രാറുടെ അഭിഭാഷകനോട് ഹൈക്കോടതിയുടെ ചോദ്യം. ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് അഭിഭാഷകന്‍ വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. എന്ത് മതചിഹ്നമാണ് പ്രദര്‍ശിപ്പിച്ചതെന്നതില്‍ മറുപടി നല്‍കുന്നില്ലല്ലോയെന്നും അഭിഭാഷകനോട് ഹൈക്കോടതിയുടെ ചോദ്യം. ഹിന്ദുദേവതയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് രജിസ്ട്രാറുടെ അഭിഭാഷകന്‍ എല്‍വിന്‍ പീറ്റര്‍ പിജെ മറുപടി നല്‍കി. ഹിന്ദു ദേവതയാണോ മറ്റേതെങ്കിലും മതത്തിന്റെ ദൈവമാണോ എന്നതല്ല ചോദ്യമെന്നും നിയമ വിരുദ്ധമായി വിസി നടത്തിയ സസ്‌പെന്‍ഷനാണ് വിഷയമെന്നും അഭിഭാഷകന്റെ മറുപടി.നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിസിയുടെ സസ്‌പെന്‍ഷന്‍ നടപടിയെന്നായിരുന്നു ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ ഉയര്‍ത്തിയ വാദം. സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സിന്‍ഡിക്കറ്റിന് മാത്രമാണ്. രജിസ്ട്രാറുടെ നിയമന അധികാരി സര്‍വകലാശാല സിന്‍ഡിക്കറ്റ് ആണ്. വൈസ് ചാന്‍സലര്‍ അല്ല. സിന്‍ഡിക്കറ്റ് തീരുമാനം ഇല്ലാതെയാണ് വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടിയെന്നും ആയിരുന്നു ഡോ. കെഎസ് അനില്‍ കുമാറിന്റെ ഹര്‍ജിയിലെ വാദം. വൈസ് ചാന്‍സലറുടെ നടപടി സര്‍വകലാശാല നിയമത്തിന്റെ കടുത്ത ലംഘനമാണ്. അധികാരപരിധിക്ക് പുറത്തുനിന്നാണ് വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്. വിസിയുടെ നടപടി ഏകപക്ഷീയവും അനുചിതവും നിയമ വിരുദ്ധവും വിവേചനപരവുമാണ് എന്നായിരുന്നു ഡോ. കെഎസ് അനില്‍ കുമാറിന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button