മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം: പതിനായിരങ്ങള്‍ക്കു ദര്‍ശനപുണ്യം

: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം പതിനായിരങ്ങള്‍ക്കു ദര്ശനപുണ്യമായിചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗര്‍ണമി അഥവാ ചിത്രാപൗര്‍ണമി നാളില്‍മാത്രം ഭക്തര്‍ക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിലേക്കു പുലര്‍ച്ചെ മുതല്‍ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ഭക്തരുടെയും സഞ്ചാരികളുടെയും ഒഴുക്കായിരുന്നു. കേരളവും തമിഴ്നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്.ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളില്‍ പൂജ നടന്നു. അടുത്തടുത്ത രണ്ടു ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ചോടെ നട തുറന്ന് ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവതാ പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വതീ സങ്കല്‍പ്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി മന ജയസൂര്യന്നമ്ബൂതിരിപ്പാടും വള്ളിയന്കാവ് മേല്‍ശാന്തിയായ ബിജുകുമാര്‍ നമ്ബൂതിരിയും പൂജകള്‍ക്കു നേതൃത്വം നല്കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്.ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള – തമിഴ്നാട് പോലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നിരക്ഷാ സേന അധികൃതര്‍ സംയുക്തമായി ഉത്സവം നടത്തിപ്പിനു നേതൃത്വം നല്കി.റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരി നേതൃത്വം നല്കി. എ.ഡി.എം: ഷൈജു പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെതന്നെ ക്ഷേത്രത്തിലെത്തി ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത്, ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് എന്നിവരും മംഗളാദേവി ക്ഷേത്രം സന്ദര്‍ശിച്ചു. മികച്ച സൗകര്യങ്ങളാണ് ഈ വര്‍ഷം ഒരുക്കിയതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചിത്രാപൗര്‍ണമി ഉത്സവത്തിന് 19,501 ഭക്തര്‍ എത്തിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ 15,534 പേരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്.