മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. പുലർച്ചെ ഭക്തർക്ക് തങ്കയങ്കി കണ്ട് തൊഴാനും സൗകര്യം ഒരുക്കിയിരുന്നു. 26 ന് തങ്കയങ്കി സന്നിധാനത്തെത്തും. ഇരുപത്തിയേഴിന് രാവിലെയാണ് മണ്ഡലപൂജ.
പുലർച്ചെ അഞ്ചിന് സ്ട്രോങ് റൂം തുറന്ന് പുറത്തെടുത്ത തങ്കയങ്കി ക്ഷേത്രത്തിലെ ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിലെത്തിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ ഭക്തരാൽ ക്ഷേത്രമുറ്റം നിറഞ്ഞു. ഏഴ് മണിക്ക് നാദസ്വരത്തിന്റെ അകമ്പടിയോടെ തങ്കയങ്കി ക്ഷേത്രത്തിന് പുറത്ത് കാത്തു കിടന്ന പ്രത്യേക രഥത്തിലേക്ക് മാറ്റി.
വീടുകളിലേയും ക്ഷേത്രങ്ങളിലേയും വിവിധ കൂട്ടായ്മ്‌മകൾ നിറപറയിട്ട് സ്വീകരിച്ചു. 1973ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് 420പവൻ തൂങ്കമുള്ള തങ്കയങ്കി സമർപ്പിച്ചത്. വൻ സുരക്ഷയിലാണ് യാത്ര.
ഇന്ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും നാളെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും മൂന്നാം ദിവസം പെരുനാട് അയപ്പ ക്ഷേത്രത്തിലും തങ്ങും. 26ന് സന്നിധാനത്തെത്തും. അന്ന് തങ്കയങ്കി ചാർത്തിയാണ് ദീപാരാധന. ഇരുപത്തിയേഴിന് രാവിലെ 10.10 നും11.30നും ഇടയിലാണ് മണ്ഡലപൂജ.



