dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മനുഷ്യനും വനവും തമ്മിലുള്ള ബന്ധം ദൃഢമാക്കണം: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്

മനുഷ്യനും വനങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള പദ്ധതികള്‍ വനം വകുപ്പ് ആവിഷ്‌ക്കരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വന മഹോത്സവം ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനവും വന്യമൃഗങ്ങളും ജലസ്രോതസുകളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം മനുഷ്യ ജീവിതവും സംരക്ഷിക്കപ്പെടണം. ഇവ എല്ലാം തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തി മുന്നോട്ട് പോകണം. കേരളത്തിന്റെ വന വിസ്തൃതിക്ക് വലിയ സാധ്യതകളുണ്ട്. ട്രെക്കിംഗ് പോലുള്ളവ പ്രോത്സാഹിപ്പിക്കണം. ജനങ്ങളെ വനമേഖലയുമായി ബന്ധപ്പിക്കണം. വനം ജനങ്ങള്‍ക്ക് പരിമിതമായ രീതിയിലെങ്കിലും തുറന്നു കൊടുക്കണം. ട്രെക്കിംഗ് പോലുള്ള സംഘടിത വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തണം. വനത്തെ ശല്യപ്പെടുത്താതെ ആദിവാസി വിഭാഗങ്ങളെ ടൂറിസ്റ്റ് ഗൈഡാക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വനമേഖലകളില്‍ സംഘടിത വിനോദ സഞ്ചാരം നടത്താന്‍ വനം വകുപ്പ് പദ്ധതി തയാറാക്കണം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്ന തിരിച്ചറിവ് വേണം. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അടിസ്ഥാനമാണ് മരങ്ങള്‍. വന സംരക്ഷണത്തില്‍ ഇന്ത്യയില്‍ മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ വന വിസ്തൃതി വളരെ വലുതാണ്. കേരളത്തിന്റെ പച്ചപ്പും വനങ്ങളുമാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയ ന്യൂമാന്‍ കോളേജിലെ ഫോറസ്ട്രി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ ചീഫ് വിപ്പ് അഭിനന്ദിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. വിപിന്‍ദാസ്, കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ജെന്നി കെ. അലക്‌സ്, എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ സിസ്റ്റര്‍ ബിന്‍സി സി.ജെ., ഫോറസ്ട്രി ക്ലബ്ബ് കോ-ഓഡിനേറ്റര്‍ ഡോ. ജെയ്ബി സിറിയക്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എ. ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button