മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമാകും, റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വീണ്ടും മഴ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. മൂന്ന് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് ആയിരിക്കും. നാളെയും വ്യാപക മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴ മാറിയെങ്കിലും കുട്ടനാട്ടില്‍ വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകളും വെള്ളത്തിലായതോടെ ട്രാക്ടറുകളിലും ചെറുതോണികളിലും ആണ് ആളുകളുടെ യാത്ര. വെള്ളക്കെട്ടിനെ തുടർന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചു.കോഴിക്കോട്, കോട്ടയം, ആലപ്പുഴ, വയനാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും, കോട്ടയം താലൂക്കിലെയും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പുകൾ അവസാനിക്കുന്നത് വരെ അവധിയായിരിക്കും.



