മുംബൈയിൽ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേർ മരിച്ചു

മുംബൈ : മുംബൈയിൽ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേർ മരിച്ചു. 49 പേർ ചികിത്സയിൽ. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ കുർളയിലുള്ള അംബേദ്കർ നഗറിൽ രാത്രിയോടെയാണ് അപകടമുണ്ടായത്. കുർളയിൽ നിന്ന് അഡേരിയിലേക്ക് പോവുകയായിരുന്നു മുംബൈ കോർപ്പറേഷൻ്റെ എസി ബസ്. നിയന്ത്രണം വിട്ട് ബസ് ഏതാണ്ട് നൂറ് മീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളിൽ ഇടിച്ചു. പാതയോരത്തുണ്ടായിരുന്നവരും വഴിയോര കച്ചവടക്കാരും അപടകത്തിൽപെട്ടു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് ബസ് നിന്നത്. വാഹനങ്ങൾക്കിടയിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് ആശുപത്രിയിലേക്ക് മാറ്റാനായത്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം വീതം സഹായ ധനം പ്രഖ്യാപിച്ചു. പത്ത് ദിവസം മുൻപ് മാത്രമാണ് ബസ് ഡ്രൈവർ സഞ്ജയ് മോറെ ജോലിക്ക് ചേർന്നത്.പരിഭ്രാന്തനായ ഡ്രവർ ആക്സിലറേറ്റർ ചവിട്ടിപ്പിടിച്ചെന്നാണ് സംശയം. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് കോർപ്പറേഷനും അറിയിച്ചു



