മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിൻ്റെ ഷട്ടര്‍ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചാരണം’: മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി റോഷി അറസ്റ്റിന്‍. ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കകരമായ അളവില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മിക്ക ഡാമുകളിലും സംഭരണ ശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലനിരപ്പെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ മഴയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഡാമുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഒരു മഴയ്ക്കുതന്നെ നിറയുന്ന ഡാമുകളുണ്ട്. ഇതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പും ഇറിഗേഷന്‍ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ഉന്നതല യോഗം അടുത്തദിവസം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറ് ഷട്ടറുകളില്‍ 5 എണ്ണം തുറന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍