dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാജ്യം കണ്ടതില്‍ വച്ച്‌ ഏറ്റവും വലുത്; പ്രതികളെ വലയിലാക്കി കൊച്ചി സിറ്റി പൊലീസ്; 25 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ 2 പേര്‍ പിടിയില്

കൊച്ചി : ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ മറവില്‍ എറണാകുളം സ്വദേശിയായ വ്യവസായിയില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ ഹൈദരാബാദില്‍ നിന്ന് പിടികൂടി.കൊച്ചി സിറ്റി സൈബർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണമൂർത്തി (36), ബങ്ക ടൈസണ്‍ രാജു (34) എന്നിവരാണ് പിടിയിലായത്. രാജ്യത്ത് ഒരു വ്യക്തിക്ക് സൈബർ തട്ടിപ്പില്‍ നഷ്ടമാകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.’Capitallx.com’ എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടന്നത്. സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്യാപിറ്റലിക്സ്’ എന്ന സ്ഥാപനത്തിന്റെ പേരില്‍ ട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് വ്യവസായില്‍ നിന്ന് പണം നിക്ഷേപിപ്പിച്ചത്. തട്ടിയെടുത്ത 25 കോടിയില്‍ 16 കോടി രൂപയും ഈ രണ്ട് പ്രതികളുടെ കൈവശമാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തി. വെബ്സൈറ്റിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ കേസുകളുണ്ട്. അറസ്റ്റിലായ സത്യനാരായണമൂർത്തിക്ക് ഹൈദരാബാദില്‍ ‘ആശ്രിത മെഗാ ഇൻഫോടെക് എന്ന ഐടി കമ്പനിയും ‘ആശ്രിത ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കണ്‍സ്ട്രക്ഷൻ കമ്പനിയുമുണ്ട്. കൂടാതെ ‘എയ്റോ വില്ലാസ്’ എന്ന പേരില്‍ 300 വില്ലകളുടെ നിർമ്മാണവും ഇയാള്‍ നടത്തിവരികയായിരുന്നു. സാധാരണ ഐടി ജീവനക്കാരനായിരുന്ന പ്രതി ചുരുങ്ങിയ കാലയളവില്‍ കോടീശ്വരനായി വളർന്നത് സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.ഹൈദരാബാദിലെ ഒളിത്താവളത്തില്‍ നിന്നാണ് സൈബർ പൊലീസ് ഇവരെ പിടികൂടിയത്. കേസില്‍ നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി സിറ്റി ഡിസിപി ഷെഹൻഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പിന് ഇരയായവർ ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍, ഇത്തരം അനധികൃത ട്രേഡിങ്ങ് വെബ്സൈറ്റുകളെക്കുറിച്ച്‌ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button