രാഷ്ട്രീയ വഴികളിൽ ഉമ്മന്‍ചാണ്ടിയാണ് എന്റെ ഗുരു’; രാഹുല്‍ ഗാന്ധി

പുതുപ്പളളി: ഉമ്മന്‍ ചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉമ്മന്‍ചാണ്ടിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് വഴികാട്ടിത്തന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതുപ്പളളിയിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തത്.വികാരം വിനയത്തില്‍ നിന്നുണ്ടാകുന്നതാണ്. രാഷ്ട്രീയം എന്നത് മനുഷ്യനെ അറിയാനുളള കഴിവാണ്. എന്റെയടുത്ത് വന്ന് സംസാരിക്കുന്ന യുവാക്കളായ നേതാക്കള്‍ മനുഷ്യരെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് ഞാന്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കണം. ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കണം. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഞാന്‍ അത്തരത്തില്‍ കണ്ടിട്ടുളള ഒരാള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. 21 വര്‍ഷത്തെ അനുഭവത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ മനുഷ്യനെ മനസിലാക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല’ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.മറ്റുളളവര്‍ക്കുവേണ്ടി ജീവിച്ച് അദ്ദേഹം സ്വയം ഇല്ലാതാകുന്നത് കണ്ടിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ എന്നോടൊപ്പം നടക്കാനിറങ്ങിയ ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിച്ചാണ് കാറില്‍ കയറ്റിയത്. ഉമ്മന്‍ ചാണ്ടി കേരളാ രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ്. ഉമ്മന്ചാണ്ടിയെപ്പോലുളള നിരവധി പേരെ വളര്‍ത്തിക്കൊണ്ടുവരിക എന്നാണ് എന്റെ ആഗ്രഹം. വളരെ ക്രൂരമായ രാഷ്ട്രീയ ആക്രമണങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കൊടിയ രാഷ്ട്രീയ പീഡനം നേരിടേണ്ടി വന്ന സമയത്തുപോലും അദ്ദേഹം പ്രകോപിതനായി സംസാരിക്കുന്നത് കണ്ടിട്ടില്ല. എങ്ങനെയാണ് അദ്ദേഹം ഇതൊക്കെ അതിജീവിച്ചതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലുളളവര്‍ ജനങ്ങളെ കേള്‍ക്കണം. അവരെ തൊടാന്‍ പറ്റണം. വഴി കാട്ടിത്തരുന്ന ആളാണ് ഗുരു. രാഷ്ട്രീയ വഴികളില്‍ ഉമ്മന്‍ ചാണ്ടിയാണ് എന്റെ ഗുരു.ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച ആദരവാണ്. വേദിയില്‍ ഉമ്മന്‍ചാണ്ടിയുടെ അസാന്നിദ്ധ്യം അനുഭവിക്കുന്നു’-രാഹുൽ ഗാന്ധി പറഞ്ഞു