റിനിക്കെതിരായ സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വര്‍, ഷാജന് സ്കറിയ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസടുത്തത്. രാഹുല്‍ ഈശ്വര്‍, ഷാജന് സ്കറിയ അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു പരാതി. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.അതേസമയം റിനിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസ് നല്കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് റിനി മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും നല്കിയ പരാതി.രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ റിനിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു.സാധാരണക്കാരായ സ്ത്രീകള്‍ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കിയിരുന്നു. നിയമവഴികള്‍ ഇല്ല എന്നതിനര്‍ത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല എന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ പറഞ്ഞിരുന്നു.



