റേഷൻകട തുറക്കാന്‍ താമസിച്ചതിന് പൂട്ടിക്കാനെത്തിയത് മദ്യപിച്ച്; സപ്ലൈ ഓഫീസർക്കെതിരെ കേസെടുത്ത് പൊലീസ്

കോതമംഗലം: ഇരമല്ലൂരില്‍ റേഷന്‍കട ഉടമയെ സസ്പെന്‍ഡ് ചെയ്യാന്‍ വന്ന താലൂക്ക് സപ്ലൈ ഓഫീസര്‍ മദ്യപിച്ചെത്തിയത് വിനയായി. റേഷന്‍കട തുറക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് നടപടിയെടുക്കാനായിരുന്നു ഷിജു കെ തങ്കച്ചന് എന്ന ഓഫീസര്‍ ഇരമല്ലൂരില്‍ എത്തിയത്. ജോലി സമയത്ത് മദ്യപിച്ചെത്തിയെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഷിജുവിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വകുപ്പ് തല അന്വേഷണവും ഉണ്ടാകുമെന്നാണ് സൂചന. ഇരമല്ലൂരില്‍ നമ്പര്‍ 14 ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന അലിയാറിന്റെ റേഷന്‍കട തുറക്കാന്‍ അര മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ എത്തിയതായിരുന്നു ഷിജു കെ തങ്കച്ചന്. കൃത്യസമയത്ത് കട തുറക്കാത്തതിന് റേഷന്‍കട സസ്പെന്‍ഡ് ചെയ്യാന്‍ റേഷനിങ് ഇന്‍സ്പെക്ടറാണ് ചൊവ്വാഴ്ച്ച രാവിലെ ആദ്യം സ്ഥലത്തെത്തിയത്. എന്നാല്‍, ലൈസന്‍സി ഓര്‍ഡര്‍ കൈപ്പറ്റാതിരുന്ന വിവരം അറിയിച്ചതോടെ താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥലത്തെത്തുകയായിരുന്നു. നടപടി സ്വീകരിക്കും മുന്‍പ് നാട്ടുകാരും മറ്റ് റേഷന്‍ കടയുടമകളും പ്രതിഷേധവുമായെത്തി. ഇതോടെ സ്ഥലത്ത് തര്‍ക്കമുണ്ടാവുകയായിരുന്നു.ജോലി തടസപ്പെടുത്തുന്നു എന്ന് കാണിച്ചുകൊണ്ട് സപ്ലൈ ഓഫീസര്‍ പൊലീസിനെ വിളിച്ചു. ഇതിനിടെയാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് നാട്ടുകാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചത്. ഇതെ ചൊല്ലിയായി പിന്നീട് തര്‍ക്കം. സംഭവത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഓഫീസറെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാന്‍ തുനിഞ്ഞെങ്കിലും നാട്ടുകാര്‍ തടഞ്ഞു.തര്‍ക്കത്തിന് ശേഷം സപ്ലൈ ഓഫീസറെ നെല്ലിക്കുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. തര്‍ക്കത്തിനിടെ ഇയാള്‍ പുറത്തേക്ക് ഇറങ്ങിയോടി. എന്നാല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.പരിശോധനയില്‍ ഷിജു പി തങ്കച്ചന് മദ്യപിച്ചതായി തെളിഞ്ഞതോടെ പൊലീസ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസര്‍ക്ക് കൈമാറി. വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഷിജു പി തങ്കച്ചനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.