ലോട്ടറി വില കൂട്ടില്ല, നികുതിയിളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ലോട്ടറി നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാര്‍ഗമാണ് ലോട്ടറിയെന്നും നികുതിയിളവ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ലോട്ടറി വില കൂട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.നികുതി കൂടുമ്പോള്‍ വരുമാനം കുറയുമല്ലോ. അത് കച്ചവടക്കാരെയും സര്‍ക്കാരിനെയും ബാധിക്കും. കേരളത്തിന്റെ അഭിമാന സാമ്പത്തിക പ്രസ്ഥാനമാണ് ലോട്ടറി. അത് സംരക്ഷിച്ച് മുന്നോട്ടുപോകാനുളള നടപടികളെക്കുറിച്ചാണ് ലോട്ടറി മേഖലയിലെ ആളുകളുമായി ചര്‍ച്ച ചെയ്തത്. നികുതി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില കൂട്ടണോ എന്ന ചോദ്യമുയര്‍ന്നിരുന്നു. എല്ലാവരും പറഞ്ഞത് ഇപ്പോള്‍ കൂട്ടേണ്ടതില്ല എന്നാണ്. വില വര്‍ധിപ്പിക്കാതെ പരമാവധി കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ലോട്ടറി എന്താണെന്ന് മനസിലാക്കാതെയായിരുന്നു കേന്ദ്രത്തിന്റെ നടപടി. കേരളത്തില്‍ ലോട്ടറി ചൂതാട്ടമൊന്നുമല്ല. അത് ഒരുപാട് പേരെ ജീവിക്കാന്‍ സഹായിക്കുന്ന ഒന്നാണ്’: കെ എൻ ബാലഗോപാൽ പറഞ്ഞു.ലോട്ടറി ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ലോട്ടറി ടിക്കറ്റുകള്‍ക്ക് വില കൂട്ടില്ലെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പകരം സമ്മാനം, ഏജന്‍സി കമ്മീഷന്, ഏജന്‍സി സമ്മാനം, സര്‍ക്കാരിന്റെ ലാഭം എന്നിവയില്‍ നിശ്ചിത ശതമാനം കുറവു വരുത്തി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആഴ്ചയിൽ 7 ലോട്ടറി ടിക്കറ്റുകളാണ് സര്‍ക്കാര്‍ നറുക്കെടുക്കുന്നത്. ബംപര്‍ ഒഴികെയുളളവയുടെ 1.8 കോടി ടിക്കറ്റുകള്‍ അച്ചടിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. അടുത്തിടെ സമ്മാനഘടന പരിഷ്കരിച്ചിരുന്നു. ഇത് വില്‍പ്പന ഉയരുന്നതിന് സഹായകമായി. ഈ അവസ്ഥയില്‍ ഇനിയൊരു ഘടനാമാറ്റം വേണ്ട എന്നാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്.



