വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ട്, ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടും: വേടന്‍

കൊച്ചി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് റാപ്പര്‍ വേടന്‍. വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ടെന്നും പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസ് വേട്ടയാടല്‍ തുടരുകയാണ്. അത് കാര്യമാക്കുന്നില്ലെന്നും വേടന്‍ പറഞ്ഞു.
സാമൂഹ്യമാധ്യമത്തിലൂടെയുള്ള ആക്രമണവും തുടരുന്നു. തമിഴ്‌നാട് എംപി തോല്‍ തിരുമണവാളന്‍ വിളിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതായും വേടന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന തന്റെ അടുത്ത ഗാനത്തെക്കുറിച്ചും റാപ്പര്‍ പ്രതികരിച്ചു. ‘ഒരുപാട് റിസര്‍ച്ച് ചെയ്തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ’, വേടന്‍ പറഞ്ഞു.
പത്ത് തലയാണ് ഇപ്പോള്‍ പ്രശ്‌നമായിക്കൊണ്ടിരിക്കുന്നത്. പാട്ട് ഇറങ്ങിയാല്‍ തന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് കണ്ടിരുന്നുവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. അടിക്കാന്‍ സമയം ഒരുപാടുണ്ടെന്നും വേടന്‍ പരിഹസിച്ചു. രാവണന്‍ ആണ് പാട്ടിലെ നായകനെന്നും പാട്ട് ഇറങ്ങിക്കഴിഞ്ഞ് കുറച്ച് പ്രശ്‌നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ അഭിമുഖത്തിലും വേടന്‍ പറഞ്ഞിരുന്നു.
കമ്പരാമായണത്തില്‍ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്. രാവണന്‍ ആണ് പാട്ടിലെ നായകന്‍. ‘രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്’, എന്നാണ് വേടന്‍ പറഞ്ഞത്.