വേനല്‍മഴ എത്തിയതോടെ കേരളത്തില്‍ പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞു.

കൊച്ചി : വേനല്‍മഴ എത്തിയതോടെ കേരളത്തില്‍ പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞു. പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 20 ദിവസംകൊണ്ട് പൈനാപ്പിള്‍ പഴത്തിനും പച്ചയ്ക്കും സ്പെഷ്യല്‍ പച്ചയ്ക്കും കിലോയ്ക്ക് 26 രൂപയാണ് കുറഞ്ഞത്.നിലവില്‍ പഴത്തിന് 27 രൂപയും പച്ചയ്ക്ക് 24 രൂപയും സ്പെഷ്യല്‍ പച്ചയ്ക്ക് 26 രൂപയുമാണ് വില.മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം പൈനാപ്പിള്‍ പഴം, പച്ച, സ്പെഷ്യല്‍ പച്ച എന്നിവയ്ക്ക് യഥാക്രമം 24 രൂപ, 24 രൂപ, 26 രൂപ നിരക്കിലായിരുന്നു ശനിയാഴ്ച വ്യാപാരം. കഴിഞ്ഞ മൂന്നുവർഷത്തേക്കാള് കുറഞ്ഞ നിരക്കിലാണ് ഇപ്പോഴത്തെ വില. പൈനാപ്പിള്‍ പഴത്തിന്റെ വില 2021-ലെ നിരക്കിലേക്ക് എത്തി. സാധാരണ ഏപ്രില്‍ മാസത്തില്‍ മികച്ച വില ലഭിക്കുന്നതാണ്.ഒരവസരത്തില്‍ പഴത്തിന്റെ വില 60 രൂപവരെ എത്തുമെന്ന പ്രതീക്ഷയെ തുടച്ചുമാറ്റിയത് വേനല്‍മഴയാണ്. മഴ ശക്തമായത് ഉത്പാദനം ഉയർത്തി. കൂടാതെ, ചെലവും കുറഞ്ഞു. ഏതാണ്ട് 50 ശതമാനത്തോളം ഉത്പാദനം വർധിച്ചതായി കർഷകർ അറിയിച്ചു. വരുംദിവസങ്ങളിലും വില കുറയുന്ന പ്രവണതയാണ് വിപണിയില്‍. 2021-ല്‍ പഴത്തിന്റെ വില 27 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഓരോവർഷവും വില ഉയർന്നുവരുകയായിരുന്നു. കഴിഞ്ഞവർഷം കിലോയ്ക്ക് വില 65 രൂപയ്ക്കുമുകളില്‍ എത്തിയിരുന്നു. ഇത്തവണ വില ഉയരുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍പേർ പൈനാപ്പിള്‍ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.