ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.പമ്പയിലെ കണ്ട്രോള് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മലകയറുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കി. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനവും ലഭ്യമാക്കി.



