സര്‍ക്കാരുമായി സഹകരിച്ച് പോകുന്നയാളാവണം കെപിസിസി അധ്യക്ഷന്‍; ഖര്‍ഗെയെ കണ്ട് വി ഡി സതീശന്

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്. സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള്‍ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡിസതീശന്റെ നിലപാട്. ഇക്കാര്യം ഖര്‍ഗയെ അറിയിച്ചു എന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായും ഇന്ന് വി ഡി സതീശന് കൂടിക്കാഴ്ച നടത്തിയേക്കും.ബെന്നി ബഹ്നാന്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി ഉള്‍പ്പെടെയുള്ള എംപിമാരും മാത്യു കുഴല്നാടന് എംഎല്‍എയും ജോസഫ് വാഴക്കനുമാണ് പദവിക്കായി മുന്‍നിരയിലുള്ളത്. അടുര്‍ പ്രകാശ്, കെ സി ജോസഫ്, എം എം ഹസന് ഉള്‍പ്പെടെയുള്ള നേതാക്കളും അധ്യക്ഷ പദവി ആഗ്രഹിക്കുന്നവരാണ്. ഒരാള്‍ക്ക് ഒരുപദവി മാനദണ്ഡമാക്കാതെ കെപിസിസി അധ്യക്ഷനെ കണ്ടെത്തണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ പ്രാഥമിക ചര്‍ച്ച നടന്നുവെന്നതിനപ്പുറം അന്തിമ തീരുമാനത്തിലേക്ക് എത്തിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല.ഒരാള്‍ക്ക് ഒരു പദവി എന്നത് പരിഗണിക്കപ്പെട്ടാല്‍ മുന്‍ കെപിസിസി അധ്യക്ഷന്മാര്ക്ക് കൂടി സാധ്യതയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്, വിഎം സുധീരന് എംഎം ഹസ്സന് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതിനിടെ അധ്യക്ഷ പദവി ആവശ്യം പരസ്യമായി ഉയര്‍ത്തി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു. ഒന്നിലധികം പേരുകള്‍ വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ച രീതിയില്‍ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കെപിസിസി പ്രസിഡന്റ് നിയമനത്തില്‍ അഭിപ്രായം തേടിയ ശേഷം പ്രഖ്യാപനം എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.



