അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതർ

സംഭാവന കൊള്ള വിവാദത്തിനിടെ അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതർ. 2020-ൽ രൂപീകൃതമായതിനു ശേഷം ആകെ 3,264 കോടി രൂപ ലഭിച്ചു. 2,370 കോടി രൂപ ക്ഷേത്ര നിർമ്മാണത്തിനും മൂലധന ചെലവിനുമായി ചെലവഴിച്ചു. ഭക്തർ സംഭാവന ചെയ്ത വെള്ളി വസ്തുക്കൾ ഉരുക്കി കട്ടികളാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും ട്രസ്റ്റ്.ഭക്തരുടെ വഴിപാടുകളിൽ നിന്നുള്ള 391 കോടി രൂപ പ്രവർത്തന ചെലവുകൾക്കായി ഉപയോഗിച്ചതായും ട്രസ്റ്റ്. ബാക്കി തുക ബാങ്ക് അക്കൗണ്ടിൽ സുരക്ഷിതമാണ്. സംഭാവനകൾ നൽകിയ ഭക്തർക്ക് വഴിപാടുകളുടെ വിനിയോഗം നേരിട്ട് പരിശോധിക്കാമെന്ന് ട്രസ്റ്റ് അറിയിച്ചു. അയോദ്ധ്യാ രാമക്ഷേത്രത്തിലെ സംഭാവന വിവാദങ്ങളും അന്വേഷണവും ആരംഭിച്ചതിന് ശേഷം ചേർന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ആയിരുന്നു ഇന്നലെ നടന്നത്. മൂന്നു മണിക്കൂറോളം നീണ്ട യോഗത്തിൽ 14 അംഗങ്ങളിൽ 9 പേർ പങ്കെടുത്തു.രാമക്ഷേത്രത്തിലെത്തിയെങ്കിലും മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി യോഗത്തിൽ പങ്കെടുത്തില്ല. സംഭാവനകൊള്ളയിലെ അന്വേഷണവും ആരോപണങ്ങളും യോഗത്തിൽ ചർച്ചയായി. ചമ്പത് റായുടെയും അനിൽ മിശ്രയുടെയും രാജി ട്രസ്റ്റ് അംഗീകരിച്ചു. സംഭാവനയായി ലഭിച്ച 2800 ലധികം വസ്തുക്കളുടെ വിവരങ്ങൾ രജിസ്റ്ററിൽ ഉണ്ട്. രാം ലല്ലക്ക് ഭക്തർ സമർപ്പിച്ച വിലയേറിയ വസ്തുക്കളെല്ലാം സുരക്ഷിതമെന്നും ട്രസ്റ്റ് വ്യക്തമാക്കി. ഈ മാസം 22 ന് ചേരുന്ന യോഗം അധിക ട്രസ്റ്റി കളുടെയും നിയമനം ഉൾപ്പെടെ ചർച്ച ചെയ്യും.



