ഗണ്മാന്മാരുടെ മര്‍ദ്ദനം: എസ്ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി

തിരുവനന്തപുരം: ആലപ്പുഴയിലെ ഗണ്മാന്മാരുടെ മര്‍ദ്ദനത്തില്‍ എസ്ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കും. ഇന്ന് തന്നെ എസ്ഐടി രൂപീകരിക്കാനാണ് തീരുമാനം. ശുപാര്‍ശ ആഭ്യന്തര മന്ത്രി നേരിട്ട് പരിശോധിച്ച ശേഷം ഉത്തരവിറങ്ങും. ഗണ്മാന്മാരെ സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനാണ് നീക്കം. ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന് സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്കഴിഞ്ഞ ദിവസം നടന്ന ഒന്നാം മന്ത്രിസഭാ യോഗത്തില്‍ തന്നെ ഗണ്മാന്മാര്ക്കെതിരെ പുനരന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ‘പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തും. എസ്ഐടിയില്‍ ആരൊക്കെ എന്നത് ആഭ്യന്തരവകുപ്പ് തീരുമാനിക്കും’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാരടക്കം മര്‍ദിച്ചതാണ് കേസിനാസ്പദമായ സംഭവം. നിയുക്ത എംഎല്‍എയും കെഎസ്യു നേതാവുമായ എ ഡി തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കായിരുന്നു 2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ വെച്ച് മര്‍ദനമേറ്റത്.എന്നാല്‍ സംഭവത്തില്‍ അനില്‍ കുമാറും സന്ദീപും കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്കി കേസ് അവസാനിപ്പിക്കാനായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. കേസിന്റെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.



