ടിവികെ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്; ഉദയനിധിയുടെ അറസ്റ്റില്‍ നിയമസഭ പ്രക്ഷുബ്ധമായേക്കും

ചെന്നൈ: തമിഴ്നാട്ടില്‍ ടിവികെ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ പത്ത് മണിക്കാണ് ധനമന്ത്രി മാരി വില്‍സണ്‍ ബജറ്റ് അവതരിപ്പിക്കുക. സ്ത്രീകള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കല്‍, സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര, 200 യൂണിറ്റ് വൈദ്യുതി തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഉദയനിധി ഇന്ന് നിയമസഭയില്‍ എത്തും. നടി തൃഷക്ക് എതിരായ ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ഥ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.അതേസമയം ജാമ്യം നേടി ചെന്നൈയില്‍ തിരിച്ചെത്തിയ ഉദയനിധിക്ക് വന്‍ സ്വീകരണമാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഒരുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഉദയനിധിയെ വിട്ടയച്ചത്. താന്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയിട്ടില്ലെന്നും കാവേരി നദീജല വിഷയത്തില്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും ഉദയനിധി സ്റ്റാലിന് പ്രതികരിച്ചു. തമിഴ്നാട് നിയമസഭയ്ക്ക് പുറത്ത് ഇന്നലെ വലിയ പ്രതിഷേധമാണ് കണ്ടിരുന്നത്. ഉദയനിധിയെ വിട്ടയക്കുന്നത് വരെ പ്രതിഷേധം നീണ്ടിരുന്നു. ഇന്നലെ ഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര പാര്‍ട്ടി യോഗത്തില്‍ സഭയ്ക്ക് അകത്ത് സ്വീകരിക്കേണ്ട നിലപാട് തീരുമാനിച്ചിട്ടുണ്ട്. സഭാസമ്മേളനത്തിന്റെ ആദ്യ ഘട്ടം മുതല്‍ സഭയില്‍ പ്രതിഷേധിക്കാനാകും ഡിഎംകെയുടെ തീരുമാനം.



