പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉടന്‍, കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്‌ഐടി. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും ശേഖരിക്കും. അന്വേഷണത്തിന്റെ അടുത്ത പടിയെന്നോണം പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ 90 ലേറെ പരാതികളാണ് എസ്‌ഐടിക്ക് ഇതുവരെ ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടില്‍ കഴിഞ്ഞ ദിവസം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കേസെടുത്തത്.പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഉത്തര കടലാസിന്റെ പകര്‍പ്പിനായി സമര്‍പ്പിച്ച അപേക്ഷയില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളും, പൊതുസേവകന്റെ പദവി ദുര്‍വിനിയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പിഎസ്‌സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.



