ബംഗാളില്‍ ആദ്യ ബിജെപി സര്‍ക്കാര്‍: സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു.കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആര്.എന്‍. രവി സത്യവാചകം ചൊല്ലിക്കൊടുത്തു.’ഡബിള്‍ എഞ്ചിന്’ ഭരണത്തിന് കീഴില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടം ബംഗാളില്‍ ആരംഭിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്.പശ്ചിമ ബംഗാളിന്റെ ചരിത്രപരമായ ഉദയം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നമ്മുടെ പൂര്‍വ്വികരുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ദുര്‍ഭരണത്തിന് അറുതിയായിരിക്കുന്നു. ‘സോനാര്‍ ബംഗ്ലാ’ (സുവര്‍ണ്ണ ബംഗാള്‍) കാലഘട്ടം ഔദ്യോഗികമായി ആരംഭിക്കുന്നു,’ സത്യപ്രതിജ്ഞയ്ക്ക് ശേഷം സുവേന്ദു അധികാരി എക്സില്‍ കുറിച്ചു.വെള്ളിയാഴ്ച ന്യൂടൗണിലെ വിശ്വ ബംഗ്ല കണ്വെന്ഷന് സെന്ററില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ നേതാവായി തിരഞ്ഞെടുത്തത്.അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എട്ട് നിര്‍ദ്ദേശങ്ങളാണ് വന്നതെന്നും എല്ലാത്തിലും സുവേന്ദുവിന്റെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു പേരും നിര്‍ദ്ദേശിക്കപ്പെടാത്തതിനാല്‍ അദ്ദേഹം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.2021-ല്‍ നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ച് ‘ജയന്റ് കില്ലര്‍’ എന്ന വിശേഷണം നേടിയ സുവേന്ദു, 2026-ലും ആ വിജയം ആവര്‍ത്തിച്ചതോടെ ബംഗാളിലെ ബിജെപി ഭരണത്തിന് നേതൃത്വം നല്കാന് ഏറ്റവും അനുയോജ്യനായ നേതാവായി മാറുകയായിരുന്നു..



