ബിജെപി പുനഃസംഘടന ഉടന്‍; പുതിയ ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപി പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം അന്തിമപട്ടികയ്ക്ക് രൂപം നല്‍കും. ഭാരവാഹികളുടെ എണ്ണം 45ല്‍ നിന്നും 60ലേക്ക് ഉയര്‍ത്താനാണ് തീരുമാനം. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ വസതിയില്‍ നടന്ന ചര്‍ച്ച കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുന്ന മന്ത്രിമാരില്‍ ചിലര്‍ക്ക് നിര്‍ണായക പദവികള്‍ ലഭിക്കുമെന്നാണ് സൂചന.കേരളത്തില്‍ നിന്നും വി മുരളീധരന്, കെ സുരേന്ദ്രന്, ശ്രീധരന് പിള്ള അടക്കമുള്ള പേരുകള്‍ പരിഗണനയിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം പുതിയ ഉത്തരവാദിത്തങ്ങളൊന്നും കെ സുരേന്ദ്രന് ഏറ്റെടുത്തിട്ടില്ല. അദ്ദേഹം ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വി മുരളീധരനും ദേശീയ നേതൃത്വത്തിൽ എത്തുമെന്നാണ് വിവരം. ഗോവ ഗവർണർ പദവി ഒഴിഞ്ഞ ശേഷം ശ്രീധരൻപിള്ളയ്ക്കും മറ്റ് ഉത്തരവാദിത്തങ്ങളൊന്നും ലഭിച്ചിട്ടില്ല.കേന്ദ്ര മന്ത്രി സ്ഥാനത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നവര്‍ക്ക് പ്രധാനപ്പെട്ട പദവികള്‍ ലഭിക്കും. 2028ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ ചുമതല പ്രധാനപ്പെട്ട നേതാവിന് നല്കാന് സാധ്യതയുണ്ട്. യുപി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇതിനെയെല്ലാം അടിസ്ഥാനമാക്കിയാകും പുനഃസംഘടന.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ പി നദ്ദ അടക്കമുള്ളവര്‍ രാജ്നാഥ് സിങ്ങിന്റെ വസതിയില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആര്‍എസ്എസുമായും ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബിജെപി – ആര്‍എസ്എസ് പ്രതിനിധികള്‍ പങ്കെടുത്ത യോഗം നാലു മണിക്കൂറോളമാണ് നീണ്ടുനിന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ അരുണ്‍ കുമാര്‍, ബിജെപി ദേശീയ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരടക്കം പങ്കെടുത്ത ചര്‍ച്ചയില്‍ ഡല്‍ഹി ബിജെപിയില്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാന യൂണിറ്റികളിലും വലിയ മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനമെന്നാണ് വിവരം.നിതിന്‍ നബിന് തന്നെ പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാകുമ്പോള്‍ പുതുമുഖങ്ങളും യുവാക്കളും അടക്കം കൂടുതല്‍ പേര് അദ്ദേഹത്തിന്റെ ടീമിന്റെ ഭാഗമാകുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട നേതാക്കന്മാരും പുനഃസംഘടനയില്‍ ദേശീയ നേതൃത്വത്തിലേക്ക് വരുമെന്നാണ് വിവരം. ജൂണ്‍ 20നോ 21നോ നിതിന്‍ നബിന് തന്റെ പുതിയ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുനഃസംഘടന നടക്കുന്നത്.



