മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലുണ്ടായ പ്രതിഷേധത്തിൽ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. പ്രതിഷേധമുണ്ടായത് ദൗർഭാഗ്യകരമായ സംഭവമായിരുന്നു. ബിരുദ ദാന ചടങ്ങിന് അതിന്റെതായ അച്ചടക്കമുണ്ട്. ബിരുദ ദാന ചടങ്ങിലെ പ്രോട്ടോകോൾ അറിയാവുന്നത് കൊണ്ടാണ് അവരോട് പരിപാടി കഴിഞ്ഞ് മറുപടി നൽകാമെന്ന് പറഞ്ഞതെന്ന് മന്ത്രി റോജി എം ജോൺ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നു എന്നാണ് താൻ പറഞ്ഞത്. പ്രസംഗം അവസാനിക്കുന്ന സമയത്താണ് വിദ്യാർത്ഥികൾ മുന്നോട്ടു കയറി വരുന്നത്. ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്ന് മന്ത്രി ആരോപിച്ചു. അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടാണ് പോയത്. ചോദ്യം ചോദിക്കുമ്പോൾ വീട്ടിൽ പോയി ചോദിക്കാൻ അല്ല പറഞ്ഞത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും അതിന്റേതായ മര്യാദയുണ്ട്. അത് ജനാധിപത്യ രീതിയിലാവണമെന്ന് മന്ത്രി പറഞ്ഞു.വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നമായ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തി ആകരുത് പ്രതിഷേധ പരിപാടി. ഇത്തരം പരിപാടികൾ അലങ്കോലപ്പെടുത്തി ആണോ വിദ്യാർത്ഥി രാഷ്ട്രീയം കൊണ്ടു പോകേണ്ടതെന്ന് അത്തരം സംഘടനകൾ ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സമരങ്ങളുടെ മുന്നിൽ വഴങ്ങി കൊടുക്കാനോ വിട്ടുകൊടുക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പിണറായി വിജയൻ പ്രസംഗിക്കുന്നിടത്ത് ഇതുപോലെ ബാനർ ഉയർത്താൻ ആകുമോയെന്ന് മന്ത്രി ചോദിച്ചു.അപരിഷ്കൃത സമരം എന്ന് പറഞ്ഞത് കാലടി സർവകലാശാലയുമായി ബന്ധപ്പെട്ട് നടന്ന സമരത്തെയാണെന്ന് മന്ത്രി വ്യക്തമാക്കി. കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തോട് യോജിപ്പില്ല. അവിടെ നടന്നത് അക്രമ സമരമായിരുന്നു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കേണ്ടത് ന്യായമല്ലേ എന്ന ചോദ്യത്തോട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 90 ദിവസവും 120 ദിവസവും വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് പുറത്തു നിർത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. അന്ന് അവർക്ക് ന്യായമൊന്നും ഉണ്ടായില്ലേയെന്ന് മന്ത്രി ചോദിച്ചു. സസ്പെൻഷൻ പിൻവലിക്കേണ്ട കാര്യം സർവകലാശാലയാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.



