dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യും

കണ്ണൂർ മീൻതുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരെ സസ്‌പെൻഡ് ചെയ്യും. ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി നിർദേശം നൽകി.കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുനൽകുമ്പോൾ ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വകാര്യ ആംബുലൻസുകൾ കൂടുതൽ തുക ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സാധാരണ ആംബുലൻസിൽ മൃതദേഹം അയച്ചത്. ഇക്കാര്യത്തിൽ പയ്യന്നൂർ താലൂക്കിലെ രക്ഷാപ്രവർത്തനത്തിന്റെ മേൽനോട്ടച്ചുമതലയുള്ള തഹസീൽദാർ കെപി പോളിന് വീഴ്ച സംഭവിച്ചതായി എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിന്റെ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതിനിടെ, തഹസീൽദാർക്കെതിരെ ഗുരുതര ആരോപണവുമായി ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി വീണ്ടും രംഗത്തെത്തി. ആംബുലൻസ് ചെലവിനായി, രാജേഷ് ജോലി ചെയ്തിരുന്ന റിവർ റാഫ്റ്റിംഗ് സൊസൈറ്റിയോട് തഹസിൽദാർ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ആംബുലൻസ് ക്രമീകരിക്കാമെന്ന് റാഫ്റ്റിംഗ് ടീം അറിയിച്ചിട്ടും പണമായി തന്നാൽ മതിയെന്നായിരുന്നു തഹസീൽദാരുടെ മറുപടി. ചെറുപുഴ പഞ്ചായത്ത് അംഗം വഴിയാണ് പണം ആവശ്യപ്പെട്ടത്. ഇക്കാര്യം പഞ്ചായത്ത് അംഗം അനീഷ് ആന്റണിയും സ്ഥിരീകരിച്ചു.എന്നാൽ പിന്നീട് പണം ആവശ്യമില്ലെന്ന് വ്യക്തമായതോടെ, വാങ്ങിയ 10000 രൂപ കഴിഞ്ഞ ദിവസം തന്നെ റാഫ്റ്റിങ് സംഘത്തിന് തിരികെ നൽകിയതായും അനീഷ് ആന്റണി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടാകുന്ന ചെലവുകൾ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്നിരിക്കെ, അപകടത്തിൽപ്പെട്ടയാളുടെ സഹപ്രവർത്തകരോട് തന്നെ പണം ആവശ്യപ്പെട്ടതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചവരുത്തിയ അതേ ഉദ്യോഗസ്ഥൻ തന്നെയാണ് പണം ആവശ്യപ്പെട്ടതിന് പിന്നിലും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button