വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമായി മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്; റാപ്പര്‍ വേടന്

കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമായി മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്. മോശം വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും സര്‍ക്കാരിനെതിരെയുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതെന്നും ജനാധിപത്യ വിശ്വാസികളായ ആര്‍ക്കും ഈ സാഹചര്യത്തില്‍ വെറുതെയിരിക്കാനാവില്ലെന്നും വേടന് പറഞ്ഞു. കല ആളുകളിലേക്ക് പെട്ടെന്ന് എത്തിപ്പെടുന്ന ഒന്നാണെന്നും അതിലൂടെ പറയുന്ന ആശയങ്ങളും രാഷ്ട്രീയവും കൂടുതല്‍ ആളുകളിലേക്കെത്തുമെന്നും താന്‍ അത് ഉപയോഗിക്കുകയാണെന്നും വേടന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു വേടന്റെ പ്രതികരണം.വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വേടന് പ്രതികരിച്ചു. ‘സൈബര്‍ ആക്രമണം ഒരു പ്രൊപ്പഗാണ്ടയാണ്. എനിക്കും തെറിവിളി അഭിഷേകമാണ്. ഇത് സാധാരണമായി മാറി. അതൊക്കെ കടന്നുവരിക എന്നതാണ്. പോരാടുക എന്നുളളതാണ് ചെയ്യേണ്ടത്’, വേടന് പറഞ്ഞു.ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കൊച്ചിയില്‍ കലാ-സംസ്കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. റാപ്പര്‍ വേടന്റേയും ഗബ്രിയുടെയും നേതൃത്വത്തില്‍ ഇന്നലെ പനമ്പള്ളി നഗറില്‍ ‘പാട്ടും പ്രതിഷേധവും’ എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരായ എന്‍ എസ് മാധവന്, കെ ആര് മീര, നടന് ജോജു ജോര്‍ജ്, സംവിധായകന് ആഷിഖ് അബു, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ മഹാരാജാസില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ വേടന് ആവശ്യപ്പെട്ടു. പരാജയപ്പെട്ട നയങ്ങള്‍ക്ക് ജനാധിപത്യ രാഷ്ട്രത്തില്‍ സ്ഥാനമില്ലെന്നും വേടന് പറഞ്ഞു.ഡൽഹിയിൽ വിദ്യാർത്ഥികളെ തല്ലിയവരുടെ കൂട്ടത്തിൽ സാധാരണ പൌരന്മാരും ഉണ്ടായിരുന്നുവെന്ന് എൻ എസ് മാധവൻ പറഞ്ഞിരുന്നു. ട്രക്കിൽ കല്ലുമായി എത്തിയ കുത്തിത്തിരുപ്പുകാരും ഉണ്ടായിരുന്നു. ഇത് ഓർമ്മിപ്പിക്കുന്നത് ഹിറ്റ്ലറുടെ ചരിത്രമാണെന്നും എൻ എസ് മാധവൻ പറഞ്ഞു. മുഖം മറച്ച നിരവധി പേര് മര്‍ദ്ദിക്കാന്‍ എത്തിയെന്നും ഇത് ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്നും എന്‍ എസ് മാധവന് കൂട്ടിച്ചേര്‍ത്തു. നിശബ്ദമാക്കാനുള്ള ശ്രമം എല്ലാ തരത്തിലും നടക്കുന്നതായി കെ ആര് മീരയും അഭിപ്രായപ്പെട്ടു.



