dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാല്‍ ഞരമ്പ് മുറിഞ്ഞു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. കാല് വേദനയെ തുടര്‍ന്നാണ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി പാര്‍വതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. സര്‍ജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. മെയ് ആദ്യവാരം ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12നാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇതുവരെ പാര്‍വതിക്ക് മൂന്ന് ശസ്ത്രക്രിയ നടത്തി. നിലവില്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ്. കാലിന്റെ ചലനശേഷി പൂര്‍ണമായി നഷ്ടപെട്ട അവസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുടുംബം ഡിഎംഒക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തേടിയത്.മെയ് 12ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ 11 മണിക്ക് ഐസിയുവില്‍ നിന്നും രോഗിയെ വാര്‍ഡിലേക്ക് മാറ്റിയെന്നാണ് ചെറുമകന്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേദിവസം രാത്രി എട്ടരയോടെ കാലിന്റെ നിറം മാറുകയും കടുത്ത വേദനയും തണുപ്പും അനുഭവപ്പെടുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുഴപ്പമില്ലെന്ന നിലപാടാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.അഞ്ചോളം ശസ്ത്രികയകള്‍ നടത്തിയതായും ഇതുവരെ രണ്ടുലക്ഷത്തോളം രൂപ ചെലവായെന്നും കുടുംബം പറയുന്നു. അതേസമയം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിലവില്‍ വിദേശത്തായതിനാല്‍ അദ്ദേഹവുമായി സംസാരിച്ച് വിശദീകരണം നല്‍കാമെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button