ശബരിമലയിൽ ഓണത്തിന് ഒരേ പന്തിയിൽ നൽകിയത് രണ്ടുതരം ഭക്ഷണം; ജീവനക്കാർക്ക് സദ്യ, മറ്റുള്ളവർക്ക് മഞ്ഞച്ചോർ: അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി

കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവോണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തി. ജീവനക്കാർക്ക് സദ്യ, മറ്റുള്ളവർക്ക് മഞ്ഞച്ചോർ നൽകി. ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ സർക്കാറുമായി സഹകരിക്കുന്നു, എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ കാര്യത്തിൽ അന്നും ഇന്നും തൃപ്തിയില്ല. എസ്ഐടിയെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതി നിയോഗിച്ചതാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ സർക്കാരിന് ഇടപെടാം. ചിറയിൻകീഴ് തമ്മിലടി,കെപിസിസി ഇടപെടേണ്ട കാര്യം. ആരോഗ്യമന്ത്രി മറുപടി പറയേണ്ടതില്ല. ശോഭയാത്രയിൽ വിസിമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.നഗരത്തിൽ വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾക്ക് കാലതാമസം പാടില്ലെന്നും മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെയും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കോർപറേഷൻ കൗൺസിലർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷം പൈപ്പ് ലൈനുകളിൽ തകരാറുണ്ടായാൽ കരാറുകാർ അറ്റകുറ്റപണിയ്ക്ക് തയ്യാറാകുന്നില്ലെന്ന് കൗൺസിലർമാർ യോഗത്തിൽ പറഞ്ഞു. ജനങ്ങൾ വെള്ളംകിട്ടാതെ വലയുമ്പോൾ രാത്രി മുഴുവൻ ജലം പാഴാകുന്ന സ്ഥിതിയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. 24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഇത്തരത്തിലുണ്ടാകുന്ന വീഴ്ച അംഗീകരിക്കാനാകില്ലെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കരാറുകാരുടെ 24 മണിക്കൂർ സേവനം ഉറപ്പാക്കാൻ വാട്ടർ അതോറിട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി.വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് 10 ദിവസം മുൻപ് അറിയിപ്പ് നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുന്നത് സംബന്ധിച്ച് മണ്ഡലത്തിലെ ആളുകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. നിലവിൽ ഒരു ചോർച്ച കണ്ടെത്താൻ നിരവധി സ്ഥലങ്ങൾ കുഴിക്കേണ്ട സ്ഥിതിയാണെന്നും പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായാൽ കണ്ടെത്താനുള്ള ലീക്ക് ഡിറ്റക്ടർ നഗരത്തിന് വേണ്ടി മാത്രം വാങ്ങണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി പറഞ്ഞു.



