dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഏകമകന്റെ വിവാഹത്തിനായി കാത്തിരുന്ന വീട്; അഖിലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാസര്‍കോട്: യുക്രെയ്‌നില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. ഒരു മാസം മുമ്പാണ് കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയായ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അഖില്‍ ജോയന്‍ കൊല്ലപ്പെട്ടത്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. യുക്രെയ്‌നിലെ ഒഡേസ തുറമുഖത്തിന് സമീപമുണ്ടായ ആക്രമണത്തില്‍ അഖില്‍ ഉള്‍പ്പെട പത്തുപേര് കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച ബെംഗളുരു വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം റോഡ് മാര്‍ഗമാണ് കാസര്‍കോടുള്ള വസതിയില്‍ എത്തിക്കുന്നതെന്ന് മാരിനേഴ്‌സ് സൊസൈറ്റി അറിയിച്ചിരുന്നു.ജോയന്‍ – സാലി ദമ്പതികളുടെ ഏകമകനാണ് അഖില്‍. വിവാഹം നിശ്ചയിച്ചിരിക്കെയാണ് ഒരു മാസം മുമ്പ് അഖിലിന്റെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. അവധിക്ക് നാട്ടിലെത്തിയ ശേഷം ഒരു മാസം മുമ്പായിരുന്നു അഖില്‍ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായി മര്‍ച്ചന്റ് നേവിയിലാണ് അഖില്‍ ജോലി ചെയ്ത് വന്നത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായുള്ള നടപടി ക്രമങ്ങള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികളും സര്‍ക്കാരും ഇടപെടലുകള്‍ നടത്തിവരികയായിരുന്നു.എംവി ഹോള്‍ഡന്‍ ലിയോ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് നാല് ഇന്ത്യക്കാരടക്കം പത്തു പേര്‍ കൊല്ലപ്പെട്ടത്. അന്ന് കപ്പലിലുണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവികസേന അറിയിച്ചിരുന്നു. 17ഓളം ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു ഇന്ത്യക്കാരന്റെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് 20ന് ശേഷം കരിങ്കടലില്‍ ഏഴ് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button