ഐബി ഉദ്യോഗസ്ഥയുടെ മരണം:സുകാന്തിൻ്റെ പങ്കാളിത്തം സ്ഥിരീകരിച്ച് ഐബി; പല തവണ പണം വാങ്ങിയതായും റിപ്പോർട്ട്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനായ സുകാന്തിന് എതിരെ ഐബി. മരണത്തില്‍ സുകാന്തിന്റെ പങ്കാളിത്തം ഐബി സ്ഥിരീകരിച്ചു. ഐബി ഉദ്യോഗസ്ഥയില്‍ നിന്ന് സുകാന്ത് പലതവണയായി പണം വാങ്ങിയതായും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐബി കൊച്ചി യൂണിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും.അതേസമയം സുകാന്തും മകളും ഒടുവില്‍ സംസാരിച്ചതിന്റെ വിശദാംശം പൊലീസിനറിയാമെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സുകാന്തിന്റെ സംസാരം മകള്‍ക്ക് മനോവിഷമം ഉണ്ടാക്കിയിരിക്കാമെന്നും തുടര്‍ന്നായിരിക്കും മകള്‍ മരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകള്‍ മരിച്ച് അരമണിക്കൂറിനുള്ളില്‍ സുകാന്ത് മകളുടെ ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചെന്നും പിതാവ് പറയുന്നുണ്ട്.മകള്‍ ഹോസ്റ്റലില്‍ ചെന്നോ എന്ന് അന്വേഷിച്ചു കൊണ്ടാണ് സുകാന്ത് വിളിച്ചത്. സംസാരത്തിനിടെ മരിക്കുമെന്ന സൂചന മകള്‍ സുകാന്തിന് കൊടുത്തിരിക്കാം. അതുകൊണ്ടാണ് സുകാന്ത് ഹോസ്റ്റലില്‍ വിളിച്ച് മകള്‍ അവിടെ ചെന്നോ എന്ന് അന്വേഷിച്ചത്. ഒടുവില്‍ മകള്‍ അമ്മയെ വിളിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിരുന്നില്ല. പുറത്തുനിന്നും ആഹാരം വാങ്ങി ഹോസ്റ്റലിലേക്ക് പോകുന്നു എന്നാണ് അവസാനമായി അമ്മയോട് സംസാരിച്ചത്’, പിതാവ് പറഞ്ഞു.മകളുടെ ബാഗില്‍ നിന്നും ആഹാരം കണ്ടെത്തിയിരുന്നില്ലെന്നും അമ്മയുമായി സംസാരിച്ചതിന് ശേഷമാണ് സുകാന്തിന്റെ ഫോണ്‍കോള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. സുകാന്തിന്റെ ഫോണ്‍കോള്‍ വന്നതിനുശേഷം മകള്‍ ഹോസ്റ്റലിലേക്ക് പോകുന്നതിനുപകരം റെയില്‍വേ ട്രാക്കിലേക്ക് പോയെന്നും പിതാവ് പറഞ്ഞു. മകളുടെ മനസ്സിനെ വേദനിപ്പിക്കുന്ന രീതിയില്‍ എന്തോ ഒന്ന് സുകാന്ത് സംസാരിച്ചതായി സംശയമുണ്ടെന്നും പിതാവ് പറയുന്നു.