കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; പ്രതി ജിതിന് ഭാസ്കര്‍ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

കോഴിക്കോട്: വടകരയിൽ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന് ഭാസ്കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിര്‍ണ്ണായക വിവരങ്ങളുളള ഫോണ്‍ റീസെറ്റ് ചെയ്തതായി കണ്ടെത്തിയത്. ഫോണ്‍ റീസെറ്റ് ചെയ്തതായി ജിതിന് ഭാസ്കര്‍ സമ്മതിച്ചു. ഈ ഫോണ്‍ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയയ്ക്കും. അതിനായി ഇന്ന് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം, ജിതിന് ഭാസ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിവസങ്ങള്‍ മുന്‍പാണ് ജിതിന് അറസ്റ്റിലായത്.കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫോണില്‍ വെച്ചാണ് സ്ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന് ഭാസ്കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന് കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിര്‍ സ്ക്രീന്‍ഷോട്ട് ജിതിന് ഭാസ്കര്‍ ആദ്യം ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിന് ഭാസ്കറിലേക്ക് എത്തിയത്.



