കിഫ്ബി വഴി 13103 കോടി അധിക ചെലവ്, ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയുടെ ക്രമക്കേടുകളിൽ ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ വായ്പയെടുക്കാനുള്ള പരിധി വലിയ രീതിയിൽ വെട്ടിക്കുറച്ചു. 25932 .55 കോടി രൂപ കിഫ്ബി മൂലം കേരളത്തിൻറെ കടമെടുപ്പ് പരിധിയിൽ നിന്ന് കുറച്ചു. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി.കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലിൽ പകുതിയിലധികം നടന്നത് കണ്ണൂരിൽ ആണ്. കണക്കിൽ കാണിച്ചതിന്റെ പത്തിരിട്ടി പരസ്യചെലവ് ആണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.വായ്പകൾക്ക് ഗ്യാരണ്ടി നൽകേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രി അധ്യക്ഷനായ യോഗം തീരുമാനം മറികടന്ന് ഗ്യാരണ്ടി നൽകാൻ തീരുമാനിച്ചു. ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ മന്ത്രിസഭയ്ക്ക് മാത്രമാണ് അധികാരം. റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലങ്കനം നടന്നു. കിഫ്ബിയുടെ പേരിൽ ധൂർത്ത് നടന്നു.പ്രതിവർഷം അധിക പലിശ 396 കോടി രൂപയാണ്.മസാല ബോണ്ട് മൂലം 181.73 കോടി നഷ്ടം ഉണ്ടായി. 1250 കോടി ആകെ അധിക ചെലവ്. സർക്കാരിന്റെ ഗ്യാരണ്ടി പ്രഹസനം. കിഫ്ബി വഴി 13103 കോടി അധിക ചെലവ്. സർക്കാർ നേരിട്ടു നിക്ഷേപിച്ചിരുന്നെങ്കിൽ കൂടുതൽ തുക വികസനത്തിന് പൂർണ്ണ സുതാര്യതയോടെ ഉപയോഗിക്കാമായിരുന്നു. വരുമാന ദായക പദ്ധതികൾ പലതും വരുമാനദായകമല്ല. ആകെ പദ്ധതികളുടെ 41.6 ശതമാനവും വെറും 3 ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചു.ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി.കണ്ണൂരിലും പാലക്കാട് കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കാൻ 12727 കോടിയുടെ അംഗീകാരം നൽകി. കണ്ണൂരിൽ 1000 ഏക്കർ ഭൂമി 2489 കോടിക്ക് എടുത്തു. കടം പെരുകുമ്പോഴും 5821 കോടി രൂപ പാർക്ക് ചെയ്തു. ഇവിടെ പരസ്യ ചെലവ് കണക്കിൽ 21.16 കോടി. യഥാർത്ഥത്തിൽ ചെലവഴിച്ചത് 203.72 കോടി. ഓഡിറ്റ് കമ്മറ്റിയുടെ കണ്ടെത്തൽ ആണിത്. അനുമതി ഇല്ലാതെ 498 പേരെ നിയമിച്ചു. ധന വകുപ്പ് അനുമതി ഇല്ലാതെ ശമ്പളം കൂട്ടി. ഇഷ്ടക്കാരെ നിയമിച്ചു, ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ കൊടുത്തുകൊണ്ടിരുന്നു.കിഫ്ബി വഴി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. 70415. 54 കോടി കിഫ്ബിക്ക് വേണ്ടി സർക്കാരിന് നൽകേണ്ടി വരും. ഇത് കൊണ്ടുവന്നിരുന്ന കാലം മുതൽ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ അതിനേക്കാൾ ഭീകരമാണ് എന്നാണ് റിപ്പോർട്ട്. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം ആരംഭിക്കും. അന്വേഷണം എങ്ങനെ നടത്തണം എന്ന് സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.ഒരു സർക്കാരിനെ കടബാധ്യതയിലേക്ക് കൊണ്ട് എത്തിച്ച സ്ഥാപനമാണ് കിഫ്ബി. ഒരു പദ്ധതി തുടങ്ങി വെച്ചിട്ട് പാതിവഴിയിൽ കൊണ്ട് അവസാനിപ്പിക്കാൻ പറ്റുമോ. അത് സർക്കാരിന് നഷ്ടമുണ്ടാകില്ലേ. ഭാവിയിൽ ഇനി പദ്ധതികൾ ഏറ്റെടുക്കുമോ എന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലോചിക്കും. രാഷ്ട്രീയമായി തകർക്കാൻ ഞാൻ കൂട്ടുനിൽക്കുമോ.ഞാൻ ധനവകുപ്പിന്റെ കൂടി മന്ത്രിയല്ലേ. ഒരു റിപ്പോർട്ടിലാണ് ഇത്രയും ഗൗരവമുള്ള കാര്യങ്ങൾ കണ്ടെത്തിയത്. രാഷ്ട്രീയമായി തകർക്കാൻ വേണ്ടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



