dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേസുകൾക്ക് ഇനി പരിഹാരം ഉടൻ; ഹൈക്കോടതിയിൽ ‘ഓട്ടോ ക്ലോസ് ലിസ്റ്റിങ്’ വൻ വിജയം, കെട്ടിക്കിടക്കുന്നവയ്ക്ക് മുൻഗണന

കൊച്ചി: കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരള ഹൈക്കോടതിയില്‍ വന്‍ പുരോഗതി. വര്‍ഷങ്ങളായി കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം പരിഹരിക്കാനുള്ള തീവ്രപരിശ്രമം നടത്തുകയാണ് കോടതി. കേസുകള്‍ പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ‘ഓട്ടോ കോസ് ലിസ്റ്റിങ്’ സംവിധാനമാണ് ഇതിന് വഴിയൊരുക്കുന്നത്.ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തിയതോടെ കേസ് തീര്‍പ്പാക്കുന്നതില്‍ കേരള ഹൈക്കോടതിയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പുതിയ സംവിധാനം നടപ്പാക്കിയതോടെ ഹൈക്കോടതിയുടെ കേസ് തീര്‍പ്പാക്കല്‍ നിരക്കിലും വലിയ വര്‍ധനവുണ്ടായി.2026 ജനുവരി ഒന്ന് മുതല്‍ മേയ് 18 വരെ ഹൈക്കോടതിയുടെ കേസ് ക്ലിയറന്‍സ് നിരക്ക് 102.06 ശതമാനമായിരുന്നു. എന്നാല്‍ മേയ് 19 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ ഇത് 122 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തേക്കാള്‍ 22 ശതമാനം അധികം കേസുകള്‍ കോടതി തീര്‍പ്പാക്കി.കേസുകള്‍ ലിസ്റ്റ് ചെയ്യുന്ന നടപടിക്രമം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഹൈക്കോടതി നടപ്പാക്കിയ സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനമാണ് ‘ഓട്ടോ ക്ലോസ് ലിസ്റ്റിങ്’. ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ സ്വമേധയാ കണ്ടെത്തി അവയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.ഇത്തരം കേസുകള്‍ ബന്ധപ്പെട്ട ബെഞ്ചുകള്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്യുന്നതിനൊപ്പം പുതുതായി ഫയല്‍ ചെയ്യുന്ന കേസുകള്‍ക്കും കൃത്യമായ അനുപാതത്തില്‍ ലിസ്റ്റിങ് ഉറപ്പാക്കും. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്നിന്റെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ കേസ് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയത്.2026 മേയ് 19ന് ഓട്ടോ ക്ലോസ് ലിസ്റ്റിങ് ആരംഭിച്ചതിന് ശേഷം 2,02,729 കേസുകളാണ് വിവിധ ബെഞ്ചുകള്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തത്. കൂടുതല്‍ കേസുകള്‍ വാദം കേള്‍ക്കുന്നതിനും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും ഈ സംവിധാനം സഹായിച്ചതായി ഹൈക്കോടതി ഭരണനിര്‍വഹണ വിഭാഗം വിലയിരുത്തുന്നു. വാര്‍ഷിക കണക്കുകളും കേസ് തീര്‍പ്പാക്കലിലെ പുരോഗതി വ്യക്തമാക്കുന്നുണ്ട്. 2023ല്‍ 87.05 ശതമാനമായിരുന്ന കേസ് നിരക്ക് 2024ല്‍ 103.83 ശതമാനമായി ഉയര്‍ന്നു. 2025ല്‍ നേരിയ കുറവോടെ ഇത് 100.48 ശതമാനമായി. 2026ല്‍ ഇതുവരെ കേസ് തീര്‍പ്പാക്കല്‍ നിരക്ക് 112.03 ശതമാനത്തിലെത്തി.വിചാരണ നടപടികളിലൂടെ മാത്രം കേസുകള്‍ തീര്‍പ്പാക്കുന്നതിന് പകരം മധ്യസ്ഥത ഉള്‍പ്പെടെയുള്ള ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കോണ്‍സിലിയേഷന്‍ സെന്റര്‍ വഴി 2026 ജനുവരി മുതല്‍ ജൂണ്‍ വരെ ഹൈക്കോടതിയില്‍ 6,560 കേസുകളാണ് മധ്യസ്ഥതയ്ക്കായി റഫര്‍ ചെയ്തത്. ഇതില്‍ 724 കേസുകള്‍ ഒത്തുതീര്‍പ്പാക്കി.ഇതേ കാലയളവില്‍ ജില്ലാ ജുഡീഷ്യറിയില്‍ 93,642 കേസുകള്‍ മധ്യസ്ഥതയ്ക്കായി നിര്‍ദേശിക്കപ്പെട്ടതില്‍ 18,110 കേസുകള്‍ ഒത്തുതീര്‍പ്പാക്കി. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഈ കാലയളവില്‍ 24,682 കേസുകള്‍ തീര്‍പ്പാക്കി. ഹൈക്കോടതിയില്‍ നടന്ന അദാലത്തുകളിലൂടെ 70 കേസുകള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button