ഗോൾഡൻ വിസയൊരുക്കി ഗ്രീസ്; ഇന്ത്യക്കാർക്കും സുവർണാവസരം

ആയിരക്കണക്കിന് ദ്വീപുകളുള്ള സ്വപ്ന തുല്യമായ രാജ്യമായ ഗ്രീസില്‍ പോകാന്‍ ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. പല യുറോപ്യന്‍ രാജ്യങ്ങളെ വെച്ചും താരതമ്യം ചെയ്യുമ്പോള്‍ ഗ്രീസ് ബജറ്റ് ഫ്രണ്ട്ലിയായ ഒരു രാജ്യം കൂടിയാണ്. എന്നാൽ ഇപ്പോഴിതാ പുതിയ ഒരു സന്തോഷ വാർത്ത കൂടി പുറത്ത് വരുന്നു. ഗ്രീസിലേക്ക് യാത്ര ചെയ്യാനും അതിലുപരി ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കിയിരിക്കുകയാണ് രാജ്യം. പഠനത്തിനും ജോലിക്കും അനുമതി നല്കുന്ന ഗോള്‍ഡന്‍ വിസയിലൂടെയാണ് രാജ്യം ഈ സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്.ഗ്രീസ് ഗോള്‍ഡന്‍ വിസ എന്നത് ഒരു റെസിഡന്‍സ്-ബൈ-ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമാണ്. ഇത് യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പൗരന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് നിക്ഷേപം നടത്തികൊണ്ട് ഗ്രീസില്‍ 5 വര്‍ഷത്തെ റെസിഡന്‍സ് പെര്‍മിറ്റ് നേടാന്‍ അനുവദിക്കുന്ന പദ്ധതി. ഗോള്‍ഡന്‍ വിസ ഉപയോഗിച്ച് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഗ്രീസില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ബിസിനസ്സ് ചെയ്യാനും കഴിയും. ഇതിന് പുറമെ പ്രത്യേക വിസ ആവശ്യമില്ലാതെ ഷെഞ്ചന്‍ സോണിലുടനീളം വിസ രഹിത യാത്ര ആസ്വദിക്കാനും കഴിയും. ഇനി നിങ്ങളുടെ ഗോള്‍ഡന്‍ വിസ റെസിഡന്‍സി നിലനിര്‍ത്താന്‍ നിങ്ങള്‍ ഗ്രീസില്‍ താമസിക്കേണ്ടതില്ലായെന്ന് പ്രത്യേകതയും ഉണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനായിരിക്കും. ഗ്രീസ് ഗോള്‍ഡന്‍ വിസയുള്ള ആളുകള്‍ക്ക് 180 ദിവസത്തെ കാലയളവില്‍ 90 ദിവസം വരെ ഷെഞ്ചന്‍ സോണില്‍ വിസയില്ലാതെ യാത്ര ചെയ്യാം. നിങ്ങളുടെ ജീവിതപങ്കാളിയും 21 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികളും ഈ സ്കീമില്‍ ഉള്‍പ്പെടുന്നുണ്ട്. 7 വര്‍ഷത്തില്‍ കൂടുതല്‍ ഗ്രീസില്‍ താമസിക്കുന്നത് ഗ്രീക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരവും ഇത് നൽകിയേക്കാം. മറ്റ് ഗ്രീക്ക് പൗരന്മാരെപ്പോലെ തന്നെ, ഗോള്‍ഡന്‍ വിസ ഉടമകള്‍ക്കും ഗ്രീസിലെ പൊതുജനാരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രവേശനമുണ്ട്.