ജന്തര്മന്തറിലെ മിന്നല് പ്രതിഷേധം: അറസ്റ്റിലായ സിജെപി നേതാക്കള് തിഹാര് ജയിലില്, യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമെന്ന് രാഹുല് ഗാന്ധി.

ഡല്ഹി: ജന്തര്മന്തറിലെ മിന്നല് പ്രതിഷേധത്തില് അറസ്റ്റിലായ സിജെപി നേതാക്കള് തിഹാര് ജയിലില്. അഞ്ച് ദിവസം റിമാന്ഡിലായ സിജെപി സഹകണ്വീനര്മാരായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയുമാണ് അല്പസമയം മുമ്പ് ജയിലില് എത്തിച്ചത്. അജിങ്ക്യാ ഷിന്ഡെയ്ക്ക് ഉപാധികളോടെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.നേതാക്കള് നടത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനം എന്ന് ദില്ലി പൊലീസ് വ്യക്തമാക്കുന്നു. ആറുമാസത്തേക്ക് സമാനമായ പ്രവര്ത്തനങ്ങളില് ഏര്പ്പെടില്ലെന്നും 5000 രൂപ ജാമ്യ തുക അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ഷിന്ഡേയ്ക്ക് ജാമ്യം നല്കിയത്.സിജെപി നേതാക്കളുടെ കസ്റ്റഡിയില് രൂക്ഷവിമര്ശനമുന്നയിച്ച് രാഹുല് ഗാന്ധിയും രംഗത്തെത്തി. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ല. യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വം. ജന്തര് മന്ദിര് രാജ്യത്തെ ജനങ്ങളുടേതാണ്. അത് ജനങ്ങള് തിരിച്ചുപിടിക്കും. വിദ്യാര്ഥികളും മാധ്യമപ്രവര്ത്തകരും ഇന്ത്യ മുന്നണിയും ഒരൊറ്റ ലക്ഷ്യത്തിനായി കൈകോര്ക്കുന്നു. ബാനറുകള് പലതാകാം, ലക്ഷ്യം ഒന്നാണ്. ഭരണഘടനാപരമായ അവകാശങ്ങള്ക്കായി പൗരന്മാര് ഒറ്റക്കെട്ട് – രാഹുല് ഗാന്ധി വ്യക്തമാക്കിഅതേസമയം, ഇന്ത്യാസഖ്യവുമായി ഭിന്നതയെന്ന അഭ്യൂഹങ്ങള് കോക്രോച്ച് ജനതാപാര്ട്ടി കണ്വീനര് അഭിജീത് ദീപ്കെ തള്ളി. ഒരേ ലക്ഷ്യത്തിനായാണ് പോരാട്ടമെന്നും സമ്മര്ദ ഗ്രൂപ്പായി സിജെപി തുടരുമെന്നും അഭിജീത് ദീപ്കെ പ്രതികരിച്ചു. ഇന്ന് രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങള്ക്ക് ഇന്ത്യാസഖ്യം ഇടവേള പ്രഖ്യാപിച്ചെങ്കിലും, മിന്നല് പ്രതിഷേധങ്ങള്ക്ക് സാധ്യതയുണ്ട്. ഡല്ഹിയിലെ പ്രതിഷേധം രാജ്യവ്യാപകമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യാസഖ്യം. ഇതിനിടെ പ്രതിഷേധം തുടരാന് നടന് പ്രകാശ് രാജ് ഡല്ഹിയിലെത്തി.



