ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ പതിനാറുകാരി ലൈംഗികാതിക്രമത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ

ഡല്‍ഹി: ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ പതിനാറുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റിയത്. പിന്നാലെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാല്‍സംഗം ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ ഡ്രൈവര്‍ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഉത്തര്‍പ്രദേശ് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പറയാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ക്രൂരത. ഇതിനിടെ ബന്ധുവിന്റെ വീടിന് അടുത്ത് ഇറങ്ങാനുള്ള സ്ഥലം കുട്ടിക്ക് മാറിപ്പോയിരുന്നു. തുടര്‍ന്ന് നോയിഡയിലേക്ക് പോകാനുള്ള വാഹനം കാത്ത് നില്‍ക്കുമ്പോഴായിരുന്നു ലിഫ്റ്റ് വാഗ്ദാനം ചെയ്ത് സ്ലീപ്പര്‍ ബസിലെ ജീവനക്കാര്‍ കുട്ടിയുടെ അടുത്തെത്തുന്നത്. ബസില്‍ വിദ്യാര്‍ത്ഥി മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.ബസില്‍ കയറിയ കുട്ടിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറും കണ്ടക്ടറും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് കശ്മീരി ഗേറ്റ് പ്രദേശത്ത് ഇവര്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടു. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി തനിക്ക് സംഭവിച്ച ക്രൂരത വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് കണ്ടക്ടറേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ബസ് കസ്റ്റഡിയില്‍ എടുത്ത് ഫൊറന്‍സിക് പരിശോധന അടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.



