തട്ടുകടക്കാരനെ ആക്രമിച്ച് മാലപൊട്ടിച്ചു; പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെൻഷൻ

തട്ടുകടക്കാരനെ ആക്രമിച്ച് മാലപൊട്ടിച്ച സംഭവത്തിൽ പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറിക്ക് സസ്പെൻഷൻ. ഇടത് അനുകൂല സംഘടനാ നേതാവായ സിവിൽ പോലീസ് ഓഫീസറായ അപ്പുവിനെതിരെയാണ് നടപടി. പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ തട്ടുകട ഉടമയെ ആക്രമിച്ച് ദേഹോപ്രദ്രവം ഏൽപ്പിക്കുകയായിരുന്നു മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അപ്പു ഉൾപ്പെടെ അഞ്ചു പേരെയാണ് പ്രതിചേർത്തിരുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.മേയ് 18-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയിലെത്തിയ അപ്പു അടക്കമുള്ള അഞ്ചംഗസംഘം ഭക്ഷണം കഴിക്കുന്നതിനിടെ കടക്കാരനുമായി തർക്കമുണ്ടാവുകയും ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനും പിടിവലിക്കുമിടെ തന്റെ കഴുത്തിലുണ്ടായിരുന്ന 40,000 രൂപ വിലവരുന്ന മാല പൊട്ടിച്ചെടുത്തെന്നാണ് കടക്കാരന്റെ പരാതി. സംഭവത്തിൽ പൊലീസുകാരനായ അപ്പു ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. കേസിലെ അഞ്ചാംപ്രതിയാണ് അപ്പു.അപ്പുവിനെതിരെ കഴിഞ്ഞ മാസം കേസെടുത്തെങ്കിലും ഇന്നലെ രാത്രിയാണ് സസ്പെൻഡ് ചെയ്തത്. മണ്ണ് കടത്ത് സംഘങ്ങളുമായി അപ്പുവിന് വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി സെപ്ഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇടത് അനുകൂല സംഘടനാ നേതാവായ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് മേലുദ്യോഗസ്ഥർ കൈക്കൊണ്ടത് എന്ന ആരോപണവും ശക്തമാണ്.



