കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ് ശിക്ഷയും ആയിരം രൂപ പിഴയും വിധിച്ചു.പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, പോക്‌സോ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതി പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. അറുപത് സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 117 രേഖകളും പരിശോധിച്ചശേഷമാണ് കോടതി വിധി. വിധിയില്‍ തൃപ്തനല്ലെന്ന് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കുംവരെ പോരാടുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ വ്യക്തമാക്കി.2024 മെയിലായിരുന്നു കേസിനാസ്പ്ദമായ സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കുന്നതിനായി പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ അകത്തു കയറുകയും കുട്ടിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തെ വയലില്‍ എത്തിച്ച് പീഡിപ്പിച്ചു. ഇതിന് ശേഷം കുട്ടിയുടെ കമ്മല്‍ ഊരിയെടുത്ത ശേഷം പറഞ്ഞുവിട്ടു. കുട്ടി അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഈ സംഭവത്തിന് ശേഷം സലീം ചെറുവണ്ണൂരിലെ സഹോദരി സുവൈബയുടെ വീട്ടിലെത്തി. ഇരുവരും ചേര്‍ന്ന് കുട്ടിയില്‍ നിന്ന് ഊരിയെടുത്ത കമ്മല്‍ കൂത്തുപറമ്പില്‍ കൊണ്ടുപോയി പണയംവെച്ചു. ഇതിന് ശേഷം സലീം വിരാജ്‌പേട്ടിലേക്ക് വണ്ടി കയറി. അവിടെ നിന്ന് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പിന്നീട് മുംബൈയിലേക്കും കടന്നു. മുംബൈയില്‍ ജോലി ലഭിക്കാതെ വന്നതോടെ റായ്ച്ചൂരിലെ തോട്ടത്തില്‍ ജോലി ലഭിക്കുമോ എന്ന് അന്വേഷിച്ചു. ഇതിന് വേണ്ടി ബെംഗളൂരുവിലേക്ക് വരാന്‍ നില്‍ക്കുമ്പോഴായിരുന്നു പൊലീസ് പിടികൂടിയത്.