തൃക്കാക്കരയിലെ ബഹുനില ഫ്ലാറ്റിലെ പൂളിന് സമീപം 17കാരൻ്റെ മൃതദേഹം; മരിച്ചത് നാലാം നിലയിലെ താമസക്കാരൻ

കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജോഷ്വയാണ് മരിച്ചത്. സമീപത്തെ കെട്ടിടത്തിൽ നിന്നും വിളിച്ചറിയിച്ചതിനെ തുടർന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് പൂളിൽ മൃതദേഹം കണ്ടത്.
രാവിലെ കുട്ടിയെ മുറിയിൽ കാണാത്തതിനെ തുടർന്ന് മാതാപിതാക്കളും അന്വേഷിച്ചിറങ്ങിയിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിലെ നാലാം നിലയിൽ താമസിക്കുന്ന കുട്ടി ഏറ്റവും മുകളിലെ നിലയിൽ നിന്ന് ചാടിയതാകാമെന്നാണ് സൂചന. ഐ ടി ജീവനക്കാരാണ് രക്ഷിതാക്കൾ. തൃക്കാക്കര പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.