തെറ്റ് കണ്ടാൽ കമ്പനി പൂട്ടിക്കുന്നതിൽ ഒരു മടിയുമില്ല, വിശദമായ അന്വേഷണമുണ്ടാവും’ ; വി ശിവൻകുട്ടി

തിരുവനന്തപുരം: കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ എന്തൊക്കെയോ ആശയകുഴപ്പമുണ്ടെന്നും അതുകൊണ്ട് തന്നെ വിഷയം ആഴത്തിൽ മനസ്സിലാക്കേണ്ടത് ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ‘നാല് മാസം മുൻപ് നടന്ന പ്രശനമാണിത്, കണ്ടവർ ആരും ഒന്നും പറയുന്നില്ല, വിശദമായി അന്വേഷിച്ച് ഗൗരവമായി കണ്ട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ ശിവൻകുട്ടി വ്യക്തമാക്കി.അതേ സമയം, തെറ്റ് കണ്ടാൽ കമ്പനി പൂട്ടിക്കുന്നതിൽ ഒരു മടിയുമില്ലായെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നടപടി എടുക്കാൻ കഴിയുകയുള്ളുവെന്നും ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കൂടുതൽ പരാതി വരുന്നതിനാൽ എല്ലാവരെയും ചോദ്യം ചെയ്യുമെന്നും മന്ത്രി കൂട്ടിചേർത്തു.കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന കെൽട്രോ എന്ന കമ്പനിയിലെ മാനേജർ ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത തൊഴിലാളികളോട് കടുത്ത ക്രൂരതകാട്ടുന്ന വീഡിയോ പുറത്ത് വന്നത്. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങള്‍ നടത്തും. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ക്രൂര പീഡനം നടത്തുന്നത് എന്നായിരുന്നു ആരോപണം.പരാതി ലഭിച്ചതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കെൽട്രോ എന്ന കമ്പനി തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങി വിതരണം ചെയ്യുമെന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ലായെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ അറിയിച്ചു.