dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും, പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ദോഷകരമാക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളുലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അതേസമയം പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത് വന്നു. യുവാക്കളുടെ ഭാവി നശിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നാശത്തിന് പ്രോത്സാഹനം നല്‍കിയ ആളാണ് പ്രധാനമന്ത്രിയെന്നും ഉത്തരവാദികളായ എല്ലാവരെയും സംരക്ഷിക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക, വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കുക, അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് മോദി ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത്ത് ദീപ്‌കെയും പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചേ മതിയാകൂ എന്നായിരുന്നു അഭിജീത്ത് ആവശ്യപ്പെട്ടത്. മെട്രോ സറ്റേഷനുകള്‍ അടച്ചിട്ട നടപടിയില്‍ പ്രതികരിച്ച അദ്ദേഹം ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ മോദി ഡല്‍ഹി മുഴുവന്‍ അടച്ചിടാന്‍ തയ്യാറാണെന്ന് പരിഹസിച്ചു. വിദ്യാര്‍ത്ഥികളെ തീവ്ര വാദികളെ പോലെയാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നതെന്ന് കെ സി വേണുഗോപാല്‍ എംപിയും പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ അവസാനത്തിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത മന്ത്രിയെ സംരക്ഷിക്കുന്ന മോദിയെ പുച്ഛത്തോടെ മാത്രമേ രാജ്യം കണൂ എന്നും അദ്ദേഹം പരിഹസിച്ചു. രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം സമാനതകളില്ലാത്തതാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ ബാനര്‍ പോലും ഇല്ലാത്ത സമരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തുകയാണെന്നു അദ്ദേഹം പറഞ്ഞു.അതേസമയം പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാണ്. വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കി. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. നിമിഷ നേരത്തേക്ക് മാത്രമാണ് സഭ സമ്മേളിക്കാനായത്. രാജ്യസഭയിലും പ്രധിഷേധം തുടരുകയാണ്. ഇതിനിടെയില്‍ ഭരണ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ നിലയുറപ്പിച്ച് പരസ്പരം മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടായി. എന്‍ഡിഎ പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍ നിശ്ചയിച്ചിരുന്നു. പ്രതിപക്ഷ എംപിമാര്‍ കൂടി എത്തിയതോടെ കവാടത്തിന് മുന്നില്‍ സംഘര്‍ഷ സാഹചര്യമായി. ഇതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എന്നാല്‍ ഉപാധികളില്ലാതെ ചര്‍ച്ചയ്‌ക്കെത്തണമെന്നായിരുന്നു അവശ്യം. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ചര്‍ച്ചയ്‌ക്കെത്തിയാല്‍ അംഗീകരിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button