dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക് മാത്രം സൗജന്യയാത്ര ഒരുക്കുന്ന പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ആഘാത വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. പൊതുജനാഭിപ്രായ രൂപീകരണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപോലെ നടപ്പിലാക്കുകയാണ് ചെയ്തത്. പദ്ധതി വഴി പ്രതിദിനം രണ്ട് കോടിയുടേയും പ്രതിവര്‍ഷം 800 കോടി രൂപയുടേയും അധികബാധ്യത കെഎസ്ആര്‍ടിസിക്ക് വരും. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര നടന്നത്. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദര്‍ശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും. കഴിഞ്ഞ ദിവസം ടിക്കറ്റിന്റെ മാതൃക പുറത്തിറക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button