ബെംഗളൂരു KSRTC ബസ് അപകടം: മുട്ടയേറ് ഉണ്ടായോ എന്ന് പരിശോധിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: ബെംഗളൂരു കെഎസ്‌ഐര്‍ടിസി ബസ്സ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറുമടക്കം മരിച്ച സംഭവത്തില്‍ മുട്ടയേറ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി പി ജോണ്‍. കഴിഞ്ഞ ദിവസം മറ്റൊരു കെഎസ്ആര്‍ടിര്‍സി ബസിന് നേരെ അപകടം നടന്ന സഥലത്ത് വെച്ച് മുട്ട എറിഞ്ഞ് കവര്‍ച്ചയ്ക്ക് ശ്രമം നടന്നതിന് പിന്നാലെയാണ് മുമ്പ് നടന്ന അപകടത്തിലും സമാന സംശയം ഉയര്‍ന്നത്. വിഷയം ഗൗരവകരമാണെന്നും അപകടത്തില്‍ പൊലീസില്‍ പരാതി നല്‍കി എന്നും മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസി കര്‍ണാടക പൊലീസില്‍ പരാതി നല്‍കി. ബെംഗളൂരു ഡിപ്പോയിലെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ട്. മുട്ടയുടെ അംശം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അപകടത്തില്‍ പെട്ട ബസ്സിന് മുട്ട ഏറ് ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ അപകടത്തില്‍ മരിച്ച മിഥിലേഷിന് 16 മണിക്കൂറോളം വിശ്രമം ഉണ്ടായിരുന്നു. ഡ്രൈവര്‍ കം കണ്ടക്ടര്‍ എല്ലായിടത്തും പറ്റില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി..അതേസമയം എല്ലാ ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി നിലവില്‍ വന്നെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഓരോ ഡിപ്പോയിലെയും ചെറിയ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കും. മേജര്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കെടിഡിഎഫ്‌സിയുടെ ബില്‍ഡിംഗ് ആണെന്നും കെഎസ്ആര്‍ടിസിയുടെ കെട്ടിടമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും സി പി ജോണ്‍ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ കര്‍ണാടകയിലെ വിടുതി എന്ന സ്ഥലത്ത് വെച്ച് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി കാസര്‍കോട് യൂണിറ്റിലെ എടിസി 142 ഡീലക്‌സ് ബസിന്റെ മുന്‍വശത്തെ ഗ്ലാസിലേക്കാണ് അജ്ഞാതര്‍ മുട്ടയെറിഞ്ഞത്. ഇതേതുടര്‍ന്ന് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുകയും ബസ് വലിയ അപകടത്തില്‍പ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശത്തിന് വെറും രണ്ട് കിലോമീറ്റര്‍ മാത്രം ചുറ്റളവിലാണ് ഓഗസ്റ്റ് എട്ടിന് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാര്‍ മരിക്കുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇതേ സ്ഥലത്ത് സമാനമായ അപകടസാഹചര്യം ഉണ്ടായതാണ് അട്ടിമറി സംശയങ്ങള്‍ക്ക് ഇടയാക്കിയത്.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണത്തിന് ഇന്നലെ നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ കെഎസ്ആര്‍ടിസി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ യാത്രാവഴി, ആക്രമണം നടന്ന സ്ഥലം, സമീപകാലത്ത് അവിടെയുണ്ടായ സമാന സംഭവങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുമെന്നും, അട്ടിമറി നടന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്.



