മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്സൈസ

കൊച്ചി: മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്സൈസ് വകുപ്പ്. നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി. ലൈസന്‍സിനു വേണ്ടിയുള്ള നടപടികള്‍ നടന്നത് ശരവേഗത്തിലായിരുന്നു. ജൂണ്‍ 23ന് മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി ലഭിക്കുകയായിരുന്നു. എറണാകുളത്തേത് അപേക്ഷ ജൂണ്‍ 25നും അനുമതി ജൂണ്‍ 29 നും ലഭിച്ചു. കോട്ടയത്തെ ബാറിന് സെപ്റ്റംബര്‍ 29ന് അപേക്ഷ നല്കി അനുമതി ഒക്ടോബര്‍ 3നും ലഭിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കടക്കം പങ്ക് എന്നും സംശയമുണ്ട്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം മാത്രം പോരെന്നും ഉദ്യോഗസ്ഥരുടെ സാമ്പത്തിക താല്പര്യങ്ങള് മുന്‍നിര്‍ത്തി വിജിലിന്‍സ് അന്വേഷണം തന്നെ വേണം എന്നാണ് വകുപ്പിന്റെ നിലപാട്. മന്ത്രിക്ക് ലഭിച്ച തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ വലിയ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചാണ് ശരവേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നാണ് വിലയിരുത്തുന്നത്. അപേക്ഷ സമര്‍പ്പിച്ച് പിറ്റേദിവസം തന്നെ ലൈസന്‍സ് ലഭിക്കുന്ന സാഹചര്യം മന്ത്രിക്ക് തന്നെ വലിയ ദുരൂഹത തോന്നിയിരുന്നു. മറ്റ് ബാറുകള്‍ക്ക് പരമാവധി അഞ്ച് ദിവസത്തിനുള്ളിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. മുമ്പ് കോട്ടയത്തെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരായ കേസിലും മന്ത്രി എം ലിജുവിന് നേരിട്ടായിരുന്നു തെളിവുകള്‍ ലഭിച്ചിരുന്നത്. എക്സൈസ് മന്ത്രിക്ക് വാട്സാപ്പിലൂടെ ലഭിച്ച സന്ദേശം പിന്നാലെ വലിയ വിവാദമാകുകയും ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ സര്‍വീസില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സതീഷ്, കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന ഷിബു എന്നിവര്‍ക്കെതിരെ സാമ്പത്തിക ഇടപാട് അടക്കം വ്യക്തമാകുന്ന തെളിവുകള്‍ മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും തെളിവ് ലഭിച്ചിട്ടുണ്ട്. മുമ്പ് അശോക് കുമാറിനെതിരെയും വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സമാന നിലയില്‍ തന്നെ മുന്നോട്ട് പോകാനാണ് എക്സൈസ് ആലോചിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരില്‍ കുടികൊള്ളുന്നുണ്ടെങ്കില്‍ അതിനെ ഒഴിപ്പിക്കുമെന്നായിരുന്നു മന്ത്രി എം ലിജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.അതേസമയം എക്സൈസ് കമ്മീഷണറോട് മന്ത്രി എം ലിജുവിന് കടുത്ത അതൃപ്തി എന്നാണ് വിവരം. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണ് അതൃപ്തിക്ക് കാരണം. ഒന്നിന് പിറകെ ഒന്നായി വകുപ്പില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകുന്നു. മന്ത്രി ഓഫീസ് അറിയാതെ സുപ്രധാന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളുന്നു എന്നതും അതൃപ്തിക്ക് കാരണമാണ്. നയപരമായ തീരുമാനങ്ങളില്‍ കൂടിയാലോചന ഉണ്ടാക്കാത്തതിലും മന്ത്രിക്ക് എതിര്‍പ്പുണ്ട്. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടികള്‍ കമ്മീഷണറേറ്റില്‍ നിന്ന് ഉണ്ടാകുന്നു എന്നും വിമര്‍ശനമുണ്ട്. ഇനിമുതല്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനങ്ങള്‍ എടുക്കേണ്ട എന്നതാണ് മന്ത്രിയുടെ നിലപാട്.



