മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കും; വയോജന ക്ഷേമ ബിൽ നാളെ സഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: മുതിർന്ന പൌരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ് വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും അധ്യക്ഷൻ.ജില്ലാതലത്തിൽ സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും. വയോജനങ്ങൾ സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയുന്നതിനാണ് പ്രാഥമിക പരിഗണന. സ്ഥാപന പരിചരണം അവസാന മാർഗ്ഗം മാത്രം. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ, ക്രൂരത കാട്ടുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങൾ/പരിചരണദാതാക്കൾ എന്നിവർക്ക് ശിക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥ. 3 വർഷം വരെ തടവും ₹50,000 വരെ പിഴയും ചുമത്തും.ജീവിതാന്ത്യ ഘട്ടത്തിലെ ചികിത്സാ മുൻഗണനകൾ വ്യക്തികൾക്ക് മുൻകൂട്ടി എഴുതിവെയ്ക്കാനുള്ള (‘ലിവിംഗ് വിൽ’) നിയമപരമായ അവകാശം നൽകാനും ബില്ലിൽ വ്യവസ്ഥ. വയോജന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കും.



