മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു,പ്രശ്നങ്ങളിൽ കൂടെ നിന്നത് ആരെന്ന് ജനങ്ങൾ മനസ്സിലാക്കും’; കെ രാജൻ

കൊച്ചി: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ. മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസ്സിലാവുമെന്നും കെ രാജൻ പറഞ്ഞു. സ്വീകരണം വാങ്ങിയും നുഴഞ്ഞുകയറിയും അല്ല മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടത്. പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാർ നടത്തിയിരുന്നു.രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് കൂടി ബിജെപി നേതാക്കൾ മുനമ്പത്ത് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.അതേ സമയം, ഗവർണർക്ക് ബില്ലുകൾ തടഞ്ഞുവെക്കുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധിയിലും കെ രാജൻ പ്രതികരിച്ചു. ഗവർണർ പരമാധികാരി അല്ലായെന്നും നിയമസഭയ്ക്ക് ഉള്ള അവകാശങ്ങൾ അംഗീകരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. അനിശ്ചിതമായി നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞു വെക്കുന്നത് ശരിയല്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു.